വാങ്ങിയ പണം ശമ്പളമായി നല്‍കി സെക്യൂരിറ്റിക്കാരനെ പറ്റിച്ചു; ഭൂമിയുടെ പേരു പറഞ്ഞ് പ്രവാസിയുടെ മകനെ വിവാഹം കഴിച്ചതും തട്ടിപ്പിനായി;ആരെയും വാചകമടിച്ചു വീഴ്ത്താന്‍ കഴിവുള്ള പ്രിയയുടെ കെണിയില്‍ വീണത് നിരവധി ആളുകള്‍…


തൃശൂര്‍: നിരവധി ആളുകളെ പറ്റിച്ച് പണം തട്ടിയ പ്രിയ ചെറിയ പുള്ളിയല്ല. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായിരുന്ന പ്രിയ അവിടെ ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതിനെത്തുടര്‍ന്ന് തൃശൂരേക്ക് മുങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് മൂന്നു മക്കളുമുണ്ട്. അനാഥരായ മൂന്നു കുട്ടികളെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നുവെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്.

കേച്ചരി സ്വദേശിയായ പ്രവാസിയാണ് പ്രിയയുടെ വലയില്‍ ആദ്യം വീണത്. ഫേസ്ബുക് വഴിയായിരുന്നു പരിചയപ്പെടല്‍. വാചകമടിച്ച് പ്രവാസിയെ വീഴ്ത്തി. മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുന്ന മഹനീയ മനസിന്റെ ഉടമയാണ് പ്രിയയെന്ന് അറിഞ്ഞപ്പോള്‍ പ്രവാസിയുടെ സൗഹൃദം വളര്‍ന്നു. തുടര്‍ന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന്റെ പേരും പറഞ്ഞ് പ്രവാസിയില്‍ നിന്ന് ഇവര്‍ പണം ചോര്‍ത്താന്‍ തുടങ്ങി.

സൗഹൃദം വാട്‌സ് ആപ്പ് ചാറ്റിലേക്ക് നീണ്ടപ്പോള്‍ കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചു. പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസിയാകട്ടെ ഇതു സമ്മതിച്ചു. 20 ലക്ഷം രൂപ പ്രിയയ്ക്കു നല്‍കി. കുന്നംകുളത്ത് മുറി വാടകയ്‌ക്കെടുത്തു. പ്രവാസി വന്നു നോക്കുമ്പോള്‍ പ്രിയ ജ്വല്ലറിയെന്ന ബോര്‍ഡ്. പിന്നെ, ഇന്റീരിയര്‍ വര്‍ക്കുകള്‍ നടക്കുന്നു.

ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്ത യുവാവായിരുന്നു പിന്നത്തെ ഇര. ചൂണ്ടലില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ നല്‍കി. ഇന്റീരിയര്‍ പണിക്കു വന്ന യുവാക്കളും നല്‍കി ലക്ഷങ്ങള്‍. ഒരു യുവാവിന് പണമില്ലാതെ വന്നതോടെ അമ്മയുടെ കെട്ടുതാലി മാല പണയപ്പെടുത്തി ഒന്നേമുക്കാല്‍ ലക്ഷം നല്‍കി. ഇങ്ങനെ പതിനഞ്ചു പേരില്‍ നിന്നായി പ്രിയ തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.

ധനകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിക്കാരനായി സ്ഥിരം ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് സെക്യൂരിറ്റിക്കാരനെ പറ്റിച്ചത്. 75,000 രൂപ നല്‍കിയാല്‍ ജോലി സുരക്ഷയും ഒപ്പം രണ്ടു മാസത്തെ ശമ്പളം അഡ്വാന്‍സായും നല്‍കുമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാളില്‍ നിന്ന് തട്ടിയ 75,000 രൂപയില്‍ 40000 രൂപ രണ്ടു മാസത്തെ ശമ്പളമായി തിരിച്ചു നല്‍കിയപ്പോള്‍ സ്വന്തം കാശില്‍ നിന്ന് തന്നെയാണ് ഈ പണം കിട്ടുന്നതെന്ന് സെക്യൂരിറ്റിക്കാരന് മനസിലായില്ല.

ഇതിനു ശേഷം പഴയപ്രവാസിയെ പ്രിയ വീണ്ടും പറ്റിച്ചു. തിരുവനന്തപുരത്ത് തനിക്ക് കുറേ ഭൂമിയുണ്ടെന്നും തര്‍ക്കത്തില്‍ കിടക്കുന്ന സ്ഥലമായതിനാല്‍ ഒരു വിവാഹ രേഖ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു പ്രിയ ജ്വല്ലറി തുടങ്ങാന്‍ പണം നിക്ഷേപിച്ച പ്രവാസിയെ വലയില്‍ വീഴ്ത്തുന്നത്.

ഭൂമി കിട്ടിയാല്‍ അതു വില്‍ക്കാമെന്നും അതില്‍ നിന്നും നല്ലൊരു തുക കിട്ടുമെന്നും അതില്‍ പാതി തരാമെന്ന് വാഗ്ദാനം ചെയ്തതോടെ പ്രവാസി വീണു. പ്രവാസിയാകട്ടെ മകനോട് ഇക്കാര്യം പറഞ്ഞു. ക്ഷേത്രത്തില്‍ വച്ച് പേരിനൊരു വിവാഹം. പിന്നെ, റജിസ്‌ട്രേഷന്‍. ഇതെല്ലാം പൂര്‍ത്തിയാക്കി. അവിവാഹിതനായ മകനോട് ഇതു കാര്യമാക്കേണ്ടെന്ന് പ്രവാസിയും. ഭാവിയില്‍ ഭീഷണിപ്പെടുത്തി തുക തട്ടാനാണ് ഇതെന്ന് സംഭവം അന്വേഷിച്ച പോലീസ് പറയുന്നു.

പരിചയപ്പെടുന്നവരുടെ സലകതും അടിച്ചുകൊണ്ടു പോകുന്ന രീതായാണ് പ്രിയയുടേത്. ഇംഗ്ലിഷിലും ഹിന്ദിയിലും അത്യാവശ്യം നന്നായി സംസാരിക്കാനുള്ള കഴിവുണ്ട്. വാചകമടിച്ചു വീഴ്ത്താനുള്ള കഴിവാണ് പ്രത്യേകത. തട്ടിയെടുക്കുന്ന പണം ധൂര്‍ത്തടിക്കും. കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം…. ഇങ്ങനെ പണം ധൂര്‍ത്തടിച്ച് തീര്‍ക്കും.ഇതു തീരുമ്പോള്‍ അടുത്ത തട്ടിപ്പിനിറങ്ങും.

തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് 30 ദിവസം ജയിലില്‍ കിടന്നിരുന്നു. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്. പണം നല്‍കാനുണ്ടെന്ന ഒരു പരാതിയില്‍ കുന്നംകുളം പൊലീസ് വിളിച്ചപ്പോള്‍ വന്നില്ല. മുങ്ങി. ഇതോടെ, പൊലീസിന് സംശയമായി. അന്വേഷിച്ചപ്പോഴാണ് തിരുവനന്തപുരം പൊലീസിന്റെ പിടികിട്ടാപ്പുള്ളിയാണ് പ്രിയയെന്ന് മനസിലായത്.

Related posts