മതമൗലികവാദികളുടെ ഭീഷണിയെ ഭയക്കുന്നില്ലെന്ന് പ്രിയ വാര്യര്‍. ലളിത കലാ അക്കാദമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ ക്യാംപില്‍ സംസാരിക്കവേയാണ് നടി നിലപാട് വ്യക്തമാക്കിയത്. പ്രിയ അഭിനയിക്കുന്ന ഒരു അഡാറ് ലവിലെ ഗാനരംഗം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിനും നടിക്കുമെതിരെ മതനിന്ദ ആരോപിച്ച് മതമൗലികവാദികള്‍ രംഗത്തെത്തിയിരുന്നു. സംവിധായകനും പ്രിയയ്ക്കുമെതിരെ കേസെടുക്കുന്ന സാഹചര്യവുമുണ്ടായി. ഇതിനോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയ.
ചിലര്‍ സിനിമയ്ക്കെതിരായി കേസ് കൊടുത്തതായി അറിഞ്ഞു. കൂടുതലൊന്നും അറിയില്ല. മതമൗലികവാദികള്‍ എതിര്‍ത്താലും അവസാനം വരെ ഒരു അഡാറ് ലവിനൊപ്പമുണ്ടാകും. അതുപോലെതന്നെ അസഹിഷ്ണുതയെ ഭയക്കുന്നില്ല. സിനിമ ഉപേക്ഷിക്കുകയുമില്ല. ഇപ്പോഴത്തെ വിമര്‍ശനങ്ങളെയും കണ്ണിറുക്കലിന്റെ പേരിലുള്ള കേസിനെയും പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂ. പ്രിയ പറഞ്ഞു.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവിലെ ഗാനരംഗമാണ് പ്രിയയെ പ്രശസ്തയാക്കിയത്. എന്നാല്‍ പഴയ ഗാനം പുതിയ രീതിയില്‍ ആവിഷ്‌കരിച്ചതിനെ എതിര്‍ത്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിവിധ കോണുകളിലെ എതിര്‍പ്പിനെത്തുടര്‍ന്ന് ചിത്രത്തിലെ ഗാനരംഗം പിന്‍വലിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രേക്ഷകപ്രീതി കണക്കിലെടുത്ത് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോഴും യൂട്യൂബ് ട്രെന്‍ഡിംഗില്‍ മുമ്പില്‍ തന്നെയാണ് അഡാര്‍ ലവിലെ മാണിക്യ മലരായ എന്ന ഗാനം.