പ്രിയ വാര്യരുടെ ബോളിവുഡ് ചിത്രത്തിന്റെ ടീസറിനും രക്ഷയില്ല! പതിവ് തെറ്റിക്കാതെ ഡിസ്‌ലൈക്കുകളിലൂടെ പ്രിയയെ പിന്തുടര്‍ന്ന് മലയാളികള്‍; സമൂഹമാധ്യമങ്ങളില്‍ ട്രോളഭിഷേകവും

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയയായ നടിയാണ് പ്രിയ പ്രാകാശ് വാര്യര്‍. ആ ഗാനരംഗത്തിലെ കണ്ണിറുക്കലിലൂടെ പ്രിയയ്ക്ക് കിട്ടിയ ആരാധകരുടെ എണ്ണവും കുറവല്ല.

എന്നാല്‍ പിന്നീടങ്ങോട്ട് പ്രിയയുടെ ആരാധകരുടെ എണ്ണം കുറഞ്ഞു എന്ന് മാത്രമല്ല, പ്രിയയുടെ പേറ്റേഴ്‌സിന്റെ എണ്ണം വര്‍ധിക്കുകയും ചെയ്തു. അതോടെ അജാര്‍ ലവിലെ രണ്ടാമത്തെ ഗാനം പുറത്തു വന്നപ്പോള്‍ ഡിസ്ലൈക്കുകള്‍ കൊണ്ടാണ് ആളുകള്‍ സ്വീകരിച്ചത്. തെലുങ്കില്‍ പ്രിയ അവതരിപ്പിച്ച പരസ്യത്തിനും ഇതുതന്നെയായിരുന്നു അവസ്ഥ.

ഇപ്പോഴിതാ പ്രിയ പി. വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസറിനും പതിവ് തെറ്റാത്ത സ്വീകരണം ലഭിച്ചുകൊണ്ടിരിക്കുന്നു. ലൈക്കുകളേക്കാള്‍ ഏറെ ഡിസ്ലൈക്കുകളാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിങ്കളാഴ്ച പുറത്തിറങ്ങിയ ടീസറിന് ഇതുവരെയുള്ളത് വെറും ആറായിരം മിച്ചം ലൈക്കും 27000 ത്തിന് മേല്‍ ഡിസ്ലൈക്കും. ഗ്ലാമറസായി പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ടീസറാണിത്.

സോഷ്യല്‍ മീഡിയയിലാകട്ടെ, ട്രോളുകളും സജീവമാണ്. ഒരു അഡാര്‍ ലവിന്റെ അവസാനമിറങ്ങിയ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിനും സമാനരീതിയില്‍ ഡിസ്ലൈക്കുകളായിരുന്നു കൂടുതലും. അതും ലൈക്കുകളേക്കാളും ഇരട്ടിയിലധികവും. ആ സ്വീകാര്യത തന്നെയാണ് പുതിയ ടീസറിനും കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാല്‍ തന്നെയും ആദ്യ സിനിമ ഇറങ്ങുന്നതിനും മുമ്പേ ബോളിവുഡിലേക്ക് അവസരം ലഭിച്ച പ്രിയയെ അഭിനന്ദിക്കുന്നവരും കുറവല്ല.

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ശ്രീദേവി ബംഗ്ലാവ് സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. 70 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രിലില്‍ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയയുടെ ആദ്യ ചിത്രമായ അഡാര്‍ ലവ് ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തും.

 

https://youtu.be/aURe5pJX8eU

 

Related posts