ആദ്യ സിനിമ പോലും റിലീസ് ആവുന്നതിന് മുമ്പ് തന്നെ താരമാവുകയും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വിധേയയാവുകയും ചെയ്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. പ്രിയ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരുന്ന് അത് ട്രോളാക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.
ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചതിന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് പ്രിയ പ്രകാശ് വാര്യര്‍ രംഗത്തെത്തിയിരിക്കുന്നു. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച പ്രിയ, ഈ നിമിഷം സത്യമായിരുന്നോ എന്നത് തനിക്കിപ്പോഴും വിശ്വാസമായിട്ടില്ലെന്നും അതിനായി താന്‍ സ്വയം നുള്ളി നോക്കിയെന്നും പറയുന്നു.
‘ഇത് സത്യം തന്നെയാണോ. ഇത് നടന്ന ദിവസം മുതല്‍ ഞാന്‍ എന്നെ തന്നെ നുള്ളി നോക്കുകയാണ്. ഈ ഇതിഹാസത്തെ കാണാനും അദ്ദേഹവുമായി അല്‍പ സമയം ചെലവിടാനും സാധിച്ചതില്‍ ഞാന്‍ ഏറെ ഭാഗ്യം ചെയ്തവളാണ്. ഭാവിയില്‍ എന്നെ കാത്തിരിക്കുന്ന എല്ലാ വിജയങ്ങള്‍ക്കുമായി അദ്ദേഹത്തിന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വിനയാന്വിതയാണ്. പത്മഭൂഷണ്‍ പത്മശ്രീ ഭരത് ഡോക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ സാര്‍, നമ്മുടെ സ്വന്തം ലാലേട്ടന്‍’ പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു.