ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി ഏതാനും മണിക്കൂറുകളായപ്പോഴേക്കും യൂട്യൂബ് ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞിരുന്നു. പുറത്തിറങ്ങി ഒരാഴ്ചക്കുള്ളില്‍ 25 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ ഈ ഗാനം കണ്ടിരിക്കുന്നത്.
പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന കൗമാരക്കാരായ കുട്ടികളുടെ കുസൃതിയും പ്രണയവുമൊക്കെയാണ് ഒമര്‍ ലുലു തന്റെ ചിത്രത്തില്‍ കഥയാക്കിയിരിക്കുന്നത്. ഈ ഗാനം ഹിറ്റായതിന് പിന്നില്‍ ഒരു മിടുക്കിക്കുട്ടിയുടെ സാന്നിധ്യവുമുണ്ട്. കൂട്ടുകാരനെ നോക്കി പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കിക്കാണിക്കുന്ന പ്രിയ വാര്യര്‍ എന്ന തൃശ്ശൂര്‍കാരി പെണ്‍കുട്ടി. ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ സീന്‍ കൊണ്ട് ജീവിതം ഇങ്ങനെ മാറിമറിയുമെന്ന് പ്രിയ പ്രതീക്ഷിച്ചില്ല. ദിവസവും പ്രിയയെ തേടി നിരവധി അഭിനന്ദനങ്ങളാണ് വരുന്നത്. അതുപോലെ തന്നെ അവസരങ്ങളും.
എന്നാല്‍ ഇപ്പോള്‍ പ്രിയയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. ഹാപ്പി ഡേയ്‌സിലൂടെ ശ്രദ്ധ നേടിയ നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയയെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചുവെന്ന് ചില തെലുങ്ക് സിനിമാ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചത് സംവിധായകനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞുവെന്നും അവര്‍ പറയുന്നു. ഇതെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും വാര്‍ത്തകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ ചര്‍ച്ചയായിരിക്കുകയാണ്.