തലശേരി: തലശേരി ബാറിലെ പ്രമുഖയായ യുവ അഭിഭാഷക സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എടക്കാട് കടമ്പൂര് നിവേദ്യത്തില്‍ പ്രിയ രാജീവ്(38) മരിച്ച സംഭവത്തിലാണ് എടക്കാട് എസ്ഐ ഷിജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുള്ളത്.
75 പവന് സ്വര്‍ണാഭരണങ്ങള്‍ വിവിധ ബാങ്കുകളില്‍ പണയംവച്ച് വാങ്ങിയതും വീടും പറമ്പും ഈടുനൽകി വായ്പ എടുത്തതും ബ്ലേഡുകാരില്‍ നിന്ന് വാങ്ങിയതും സുഹൃത്തുക്കളായ തലശേരിയിലെയും കണ്ണൂരിലെയും അഭിഭാഷകർ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് കടം വാങ്ങിയ തുകകളും ഉള്‍പ്പെടെ ഒരു കോടിയിലേറെ രൂപ പ്രിയയുടെ കൈയില്‍ എത്തിയിട്ടുള്ളതായി പ്രിയയുടെ അടുത്ത സുഹൃത്തുക്കള്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
ഈ തുക എവിടേക്കാണ് പോയതെന്ന് കണ്ടെത്തിയാല്‍ മാത്രമേ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ കഴിയുകയുളളുവെന്നും പ്രിയയുടെ സുഹൃത്തുക്കള്‍ പറയുന്നു.വിദേശത്തുള്ള ഭര്‍ത്താവിന്റെ പേരിലുള്ള വീടിന്റെയും സ്ഥലത്തിന്റെയും വ്യാജ മുക്ത്യാർ ഉണ്ടാക്കിയാണ് പ്രിയ വായ്പയെടുത്തിട്ടുള്ളതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
പ്രിയയുടെ നിയമപുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് അതീവ രഹസ്യമായി സൂക്ഷിച്ചതെന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതായും ഈ ഫോണില്‍ തലശേരിയിലെയും കണ്ണൂരിലെയും 12 പേരുടെ നമ്പറുള്ളതായും സൂചനയുണ്ട്. പ്രിയയുടെ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് എടക്കാട് പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു. പ്രിയ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭര്‍ത്താവ് നാട്ടിലെത്തിയത്.
ഇരുവരുടെയും വീട്ടുകാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.പ്രിയയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്. കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്റെ ജൂണിയറായി അഞ്ചു വര്‍ഷം സേവനമനുഷ്ടിച്ച പ്രിയ വിവാഹശേഷമാണ് തലശേരി കോടതിയിലേക്ക് എത്തിയത്. നന്നായി കേസ് നടത്തുന്ന പ്രിയയെ കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് സഹപ്രവര്ത്തകര്ക്കുള്ളത്.
പ്രിയയുടെ മരണത്തിനുശേഷമാണ് സുഹൃത്തുക്കളായ പല അഭിഭാഷകരില്‍ നിന്നും ഇവര്‍ ലക്ഷങ്ങള്‍ കടം വാങ്ങിയ വിവരം പുറത്ത് വന്നത്. കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്റെ ഓഫീസില്‍ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മൂന്ന് ലക്ഷം രൂപ കടം ചോദിച്ച് പ്രിയ എത്തിയതായും വിവരമുണ്ട്. കഴിഞ്ഞ 13 ന് രാവിലെയാണ് പ്രിയയെ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.