കണ്ണിറുക്കി ലോകമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പ്രിയ വാര്യരുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധേയമാകുന്നു. ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വില്‍ തന്റെ നായകനായെത്തിയ റോഷന് അബ്ദുള്‍ റഹൂഫിന് വേറിട്ട ആശംസ നേര്‍ന്നുകൊണ്ടാണ് പ്രിയ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. റോഷനൊപ്പമുള്ള ചിത്രങ്ങളും റോഷന്റെ മാത്രം ചിത്രവും പ്രിയ പങ്കുവെച്ചിട്ടുണ്ട്. ഹൃദയത്തില്‍ നിന്ന് വന്ന വാക്കുകളും പ്രിയ കുറിച്ചിട്ടുണ്ട്.
‘ഹാപ്പി ബര്‍ത്ത്ഡേ ഓഷാ’… വാക്കുകള്‍ കൊണ്ട് പറഞ്ഞ് അറിയിക്കാന്‍ ഞാന്‍ പിന്നിലാണ്. പക്ഷേ ഇന്ന് നീ എനിക്കായി ചെയ്ത എല്ലാക്കാര്യത്തിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഏത് പ്രശ്നമുണ്ടായാലും എന്നോടൊപ്പം എപ്പോഴും കൂടെയുണ്ടായിട്ടുള്ളത് നീ മാത്രമാണ്. അതിന്റെ എല്ലാസമയത്തും നീ എടുത്ത റിസ്ക് വലുതാണ്. നീ എനിക്ക് വേണ്ടി ചെയ്തത് എന്തൊക്കെയാണോ അതൊന്നും ഒരുകാലത്തും നിനക്ക് വേണ്ടി എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. നീ എനിക്ക് വളരെ പ്രിയപ്പെട്ടവനാണ്. അത് വാക്കുകളിലൂടെ പറഞ്ഞറിയിക്കേണ്ട കാര്യമല്ല എന്ന് നിനക്ക് നന്നായി അറിയാം. നിന്റെ ജീവിതത്തില്‍ എല്ലാ ഭാവുകങ്ങളും നല്കുന്നു. പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ റോഷന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
ഇരുവരും നല്ല സുഹൃത്തുക്കളാണ്. പല അഭിമുഖങ്ങളിലും ഇരുവരും അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. പ്രിയയുടെ കുറിപ്പിന് താഴെ കമന്റായി പലരും ഇരുതാരങ്ങളും പ്രണയത്തിലാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.