കോഴിക്കോട്: മൊബൈല്‍ ഫോണ്‍ കടത്തിവിട്ടില്ല. അല്ലെങ്കില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം ഒരു സെല്‍ഫിയെങ്കിലും എടുക്കാമായിരുന്നു. കല്‍പ്പറ്റ കൈതക്കൊല്ലി ചേനമന കോളനിയിലെ പരുത്തിവിള വീട്ടിൽ പ്രിയയുടെ മുഖത്തു സ്വപ്നസാക്ഷാത്കാരത്തിനിടയിലും ചെറിയൊരു നിരാശ. കോണ്‍ഗ്രസ് കുടുംബമാണെങ്കിലും രാഹുൽ ഗാന്ധിയോടു കൈയകലത്തിൽനിന്നു സംസാരിക്കാനാകുമെന്നു പ്രിയ വിചാരിച്ചിരുന്നില്ല.
ഭയാശങ്കകളോടെയാണ് അടുത്തേക്കു പോയത്. പക്ഷേ, തിരിച്ചുവന്നതു തലയുയര്‍ത്തി അഭിമാനത്തോടെ. അതും രണ്ടു ലക്ഷത്തോളം പ്രവര്‍ത്തകര്‍ രാഹുലിനെ ഒരു നോക്കുകാണാനായി പുറത്തു പൊരിവെയിലില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഈ സുവര്‍ണ ഭാഗ്യം പ്രിയയെ തേടി എത്തിയത്. കഴിഞ്ഞ ദിവസം അമ്മയുടെ ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ പോയി വരവേയാണ് ഇപ്പോൾ സ്വപ്നം പോലെ തോന്നുന്ന സംഭവങ്ങളുടെ തുടക്കം.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദൃശ്യമാധ്യമത്തിലെ റിപ്പോർട്ടർ പ്രിയയോട് ഒരു ചോദ്യം ചോദിച്ചു. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?. ചോദ്യം തീരുന്നതിനു മുന്‍പേ പ്രിയയുടെ മറുപടി. – “”നല്ല അഭിപ്രായം. ഞങ്ങള്‍ കാത്തിരുന്ന നിമിഷമാണിത്”. അമ്മൂമ്മ ലില്ലിക്കു രാഹുലിനെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും പ്രിയ ഇവരോടു സൂചിപ്പിച്ചു. ഇതിനുള്ള സാഹചര്യമൊരുക്കിയാല്‍ വരുമോ എന്നായി അടുത്ത ചോദ്യം. തീര്‍ച്ചയായും വരുമെന്നു പ്രിയ മറുപടി നല്കി. പ്രിയയുടെ ആവേശം മുഖത്തു വായിച്ചെടുക്കാമായിരുന്നു.
ആഗ്രഹം ദേശീയ ചാനലുകളില്‍ ചര്‍ച്ചയായി. ബുധനാഴ്ച രാത്രി ഡല്‍ഹിയില്‍നിന്നു വിളിയെത്തി. അനുമതി ലഭിച്ചിരിക്കുന്നുവെന്ന്. ആദ്യം വിശ്വസിക്കാനായില്ല. പിന്നെ ഉറക്കം വരാത്ത രാത്രി. നേരം പുലരാൻ കാത്തിരിക്കുകയായിരുന്നു. 69കാരിയായ അമ്മൂമ്മ ലില്ലിയെയും മകള്‍ ദേവികയെയും കൂട്ടി ഇന്നലെ രാവിലെ തന്നെ കല്‍പ്പറ്റ എസ്കെഎംജെ ഗ്രൗണ്ടില്‍ എത്തി കാത്തുനിന്നു. എസ്പിജിയുടെ അനുമതി വാങ്ങി കോൺഗ്രസ് ജില്ലാ നേതാക്കളാണ് ഇവരെ ഹെലിപാഡിൽ എത്തിച്ചത്. രാഹുല്‍ ഹെലികോപ്റ്ററില്‍ ഇവിടെ എത്തിയതോടെ ആദ്യം സന്ദര്‍ശനാനുമതി ലഭിച്ചത് ഇവര്‍ക്കായിരുന്നു.എസ്പിജിക്കു പേരും വിലാസവും നല്‍കിയതോടെ നേരെ രാഹുലിനു മുന്നിലേക്ക്.
അമ്മൂമ്മയുടെ കൈപിടിച്ചു രാഹുല്‍ ഹിന്ദിയിൽ എന്തോ ചോദിച്ചു… ഒന്നും മനസിലായില്ല. എന്നാലും ചിരിച്ചു… അതു മനസിലായിട്ടാണോ എന്തോ… രാഹുലും പുഞ്ചിരിതൂകി, ലില്ലിയെ ചേർത്തുപിടിച്ചു. ദേവികയുടെ കവിളിൽ തലോടി. സുരക്ഷാ കാരണങ്ങളാല്‍ ഏറെ നേരം നിൽക്കാനായില്ല. സ്വപ്നലോകത്ത് എന്ന പോലെ തിരിച്ചു ഗ്രൗണ്ടിനു പുറത്തേക്ക്. അപ്പോഴും മകള്‍ ദേവിക കണ്ണുമിഴിച്ചുനില്ക്കുകയായിരുന്നു. ഈ ആര്‍പ്പുവിളിയും ആവേശവും അവള് ആദ്യമായി കാണുകയായിരുന്നു.
നെറ്റ് റീചാര്‍ജ് ചെയ്യണം. ആരൊക്കെയോ ഫോട്ടോ എടുത്തിട്ടുണ്ട്..അത് അയച്ചു കിട്ടണം. തിരിച്ചു വീട്ടിലേക്കു നടക്കവേ പ്രിയയുടെ മനസു മുഴുവൻ ഇതായിരുന്നു.