ന്യൂഡല്‍ഹി: പ്രിയ വര്‍ഗീസിന്റെ യോഗ്യത ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ കേസിലെ പരാതിക്കാരനായ ജോസഫ് സ്കറിയ സുപ്രീംകോടതിയില്‍. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പ്രിയയ്ക്കനുകൂലമായി വിധിച്ചത്. എന്നാല്‍ ഇതിനെതിരെ നേരത്തെ യുജിസിയും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു.
2018ലെ റഗുലേഷന് നിഷ്കര്‍ഷിക്കുന്ന യോഗ്യത പ്രിയയ്ക്കില്ലെന്നാണ് യുജിസിയുടെ വാദം. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ല എന്ന് യുജിസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഹൈക്കോടതി വിധി കാരണം 2018ലെ യുജിസി അസോസിയേറ്റ് പ്രഫസര്‍ നിയമവും വകുപ്പുതന്നെ അപ്രസക്തമാകുന്ന സ്ഥിതിയാണുള്ളതെന്നും യുജിസി അപ്പീലില്‍ പറയുന്നു.
റെഗുലേഷനെ പൂര്‍ണമായി ഇല്ലാതാക്കുന്ന ഉത്തരവാണ് ഹൈക്കോടതിയുടേത്. പ്രിയയുടെ നിയമനം ശരിവച്ച സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സമാനമായ ആവശ്യങ്ങള്‍ പല കേസുകളിലും ഉയരാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു.