ഹൈദരാബാദ്: കണ്ണിറുക്കി കാഞ്ചിവലിച്ച് പ്രശസ്തയായ പ്രിയ പ്രകാശ് വാര്യരെ പോലീസിലെടുത്തു. ഇവിടെങ്ങുമല്ല, അങ്ങ് തെലുങ്കാനയിൽ. തെലുങ്കാന പോലീസിന്റെ ട്വിറ്ററിലാണ് പ്രിയ കണ്ണിറുക്കി പ്രത്യക്ഷപ്പെട്ടത്. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിക്കുന്നവരുടെ ചിത്രവും പിഴ രസീതും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന തെലുങ്കാന ട്രാഫിക് പോലീസിന്റെ പുത്തൻ പരിഷ്കാരമാണ് പ്രിയയേയും പോലീസിന്റെ ട്വിറ്ററിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന യുവാവിന്റെ ചിത്രവും ഇയാൾക്കുള്ള പിഴ ശിക്ഷയുടെ ചെല്ലാനും പോലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ബൈക്കിന്റെ മഡ്ഗാർഡിൽ- “ഹെൽമറ്റ് ഇല്ല, ഞാൻ യഥാർഥ മനുഷ്യനെപ്പോലെ മരിക്കുമെന്നും’ ആശാൻ എഴുതിവച്ചിരുന്നു.
എന്നാൽ പോലീസ് അദ്ദേഹത്തിനു നൽകിയ മറുപടി രസകരമായിരുന്നു. “കൃഷ്ണ റെഡ്ഡി വളരെ അധികം ക്ഷമചോദിക്കുന്നു, നിങ്ങളെ ഞങ്ങൾ മരിക്കാൻ വിടുകയില്ല. നിങ്ങൾ നല്ലൊരു മനുഷ്യനായി ജീവിക്കുന്നതു കാണുമെന്നും’ പോലീസ് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനു നിരവധി മറുപടിയാണ് വന്നുകൊണ്ടിരുന്നത്. ഇതിൽ ഒരാളുടെ മറുപടി പോലീസിനു ചെറിയ ക്ഷീണമുണ്ടാക്കി.
പോലീസുകാർ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതിന്റെ ചിത്രമാണ് ട്വീറ്റ് ചെയ്തത്. ഇതിനുള്ള മറുപടിയിലാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്. തങ്ങളുടെ സഹപ്രവർത്തകർ നിയമലംഘനം നടത്തിയാലും കണ്ണടയ്ക്കില്ല.
ട്രാഫിക് നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഓരോരുത്തരുടേയും സുരക്ഷയ്ക്കാണ് ഹെൽമെറ്റ് ധരിക്കാൻ ആവശ്യപ്പെടുന്നതെന്നും പോലീസ് ട്വീറ്റ് ചെയ്തു. ഇതിൽ പോലീസുകാരനുള്ള പിഴയുടെ രസീതും ചേർത്തിരുന്നു. പ്രിയയുടെ ചിത്രം നൽകികൊണ്ടായിരുന്നു പോലീസിന്റെ വിശദീകരണ ട്വീറ്റ്.