ഒരു കണ്ണിറുക്കൽ കൊണ്ട് താരമായി മാറിയ നടിയാണ് പ്രിയ വാര്യർ. ഇൻസ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്സുള്ള പ്രിയ കണ്ണു ചിമ്മിത്തുറക്കുന്ന സമയത്തിലായിരുന്നു താരമായി മാറിയത്. പ്രശസ്തിയോടൊപ്പം തന്നെ വരുന്നതാണ് വിമർശനങ്ങളും.
പ്രിയയ്ക്കെതിരേയും സോഷ്യൽ മീഡിയ ട്രോളുകളും മറ്റുമായി രംഗത്തെത്തിയിരുന്നു. എന്നാൽ അത്തരം ട്രോളുകളൊന്നും തന്നെ ഇപ്പോൾ ബാധിക്കാറില്ലെന്ന് പ്രിയ പറയുന്നു.
തന്റെ ഒരു നല്ല സിനിമ വന്നാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇപ്പോഴുള്ളുവെന്നും പ്രിയ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയ മനസ് തുറന്നത്.
തുടക്കത്തിൽ നല്ല വിഷമമുണ്ടായിരുന്നു. ട്രോളുകൾ എന്നെ മാനസികമായി തളർത്തിയിരുന്നു. ഞാനെന്ത് ചെയ്തിട്ടാണ് ഇങ്ങനെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയാത്തതിന്റെ പകപ്പുണ്ടായിരുന്നു.
അന്ന് നന്നേ വിഷമിച്ചിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി. ഇതെല്ലാം ഈ മേഖലയുടെ ഭാഗമാണെന്ന് എനിക്ക് മനസിലായി. ഈ പറയുന്നവർ തന്നെ നാളെ എന്റെ നല്ലൊരു സിനിമ വന്നാൽ മാറ്റിപ്പറയും. സിനിമയിൽ എല്ലാം താത്ക്കാലികമാണ്.
അതിനാൽ ഞാൻ ഈ നെഗറ്റിവിറ്റി മാറ്റി വച്ച് പോസിറ്റിവിറ്റി മാത്രമാണ് കാണാൻ ശ്രമിക്കുന്നത്. എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാൽ അതിലൊരു രസം ഇല്ലേ… അതിനാൽ ചില കമന്റുകൾ ഞതാൻ ചിരിച്ച് തള്ളും.
ചിലത് സുഹൃത്തുക്കളുമായി പങ്കുവച്ച് ചിരിചക്കും. അല്ലാതെ തിരിച്ചു പറഞ്ഞിട്ട് കാര്യമില്ല. രണ്ട് കൈയും കൂട്ടിയിടിച്ചാലല്ലേ ശബ്ദം ഉണ്ടാവൂ. അത്തരം കമന്റുകളോട് പ്രതികരിക്കാതിരിക്കുകയാണ് നല്ലത്- പ്രിയ പറഞ്ഞു.
അതേസമയം, തന്റെ കുടുംബം നൽകിയ പിന്തുണ എടുത്തു പറയേണ്ടതാണെന്നും പ്രിയ അഭിപ്രായപ്പെടുന്നു. താൻ എപ്പോഴെങ്കിലും തളർന്ന് പോയാലും അവർ തനിക്ക് കരുത്തു പകരുമെന്നും സ്വയം തെളിയിക്കാൻ സമയമുണ്ടെന്നും പ്രവർത്തിയിലൂടെ മറുപടി നൽകണമെന്നുമാണ് അവർ പറഞ്ഞതെന്നും താരം കൂട്ടിച്ചേർത്തു.
അഡാർ ലവ് ആണ് പ്രിയയുടെ ആദ്യ ചിത്രം. പിന്നീട് രജിഷ വിജയൻ ചിത്രം ഫൈനൽസിലൂടെ പിന്നണിഗാനരംഗത്തും പ്രിയ അരങ്ങേറിയിരുന്നു. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, വികെപിയുടെ കന്നഡ ചിത്രം എന്നിവയാണ് പുറത്തിറങ്ങാനുള്ളത്.