ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകശ്രദ്ധയാര്‍ജ്ജിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ സിനിമയിലായിരുന്നു ഈ രംഗം.
വൈറലായ ഈ കണ്ണിറുക്കല്‍ ഐഡിയയുടെ പിന്നിലും താന്‍ തന്നെയായിരുന്നുവെന്നാണ് അടുത്തിടെ ഒരഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയത്.
എന്നാല്‍ വീഡിയോ വൈറലായതോടെ സംവിധായകന് ഒമര്‍ ലുലു ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തുവന്നു.
കണ്ണിറുക്കല്‍ ഐഡിയ സംവിധായകന്റേതാണെന്നു പറയുന്ന പ്രിയയുടെ വീഡിയോ പങ്കുവച്ചായിരുന്നു ഒമറിന്റെ പ്രതികരണം.
അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്ന വീഡിയോയും ഒമര്‍ലുലു പങ്കുവെച്ചിട്ടുണ്ട്.
ആ ടിവി ഷോയില്‍ ഒമറും പ്രിയയ്ക്കൊപ്പം ഉണ്ട്. ”അഞ്ച് വര്‍ഷം ആയി പാവം കുട്ടി മറന്നതാവും. വലിയ ചന്ദനാദി ഓര്‍മക്കുറവിന് ബെസ്റ്റാ”, എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ ഒമര്‍ പങ്കുവച്ചത്.
പേളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു.
നടി മംമ്ത മോഹന്‍ദാസും പ്രിയയ്ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. അഡാര്‍ ലൗവിലെ വൈറലായ രംഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മയുണ്ടോ എന്ന് പേളി ചോദിക്കുകയായിരുന്നു.
ഈ രംഗം ചെയ്തിട്ട് അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ കണ്ണിറുക്കലും പുരികം ഉയര്‍ത്തലും താന്‍ സ്വന്തമായി ചെയ്തതാണെന്നും സംവിധായകന്റെ നിര്‍ദേശത്താല്‍ അല്ലെന്നും പറഞ്ഞു.
വീഡിയോ വൈറലായതോടെയാണ് ഒമര്‍ ലുലു രംഗത്ത് എത്തിയത്. പേളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ ആദ്യം.
രണ്ടാം ക്ലിപ്പ് അഞ്ച് വര്‍ഷം മുന്‍പ് വൈറലായ രംഗം ഒമര്‍ലുലുവിന്റെ നിര്‍ദേശത്തില്‍ ചെയ്തതാണ് എന്ന് ഒരു ടിവി ഷോയില്‍ പ്രിയ പറയുന്നതും.
പിന്നാലെ വലിയ ചന്ദനാദിയുടെ ചിത്രം പങ്കുവെച്ച് ഒമര്‍ ലുലു കുറിച്ചത് ഇങ്ങനെ ”ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട് ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുന്നു”.