പുറത്തിറങ്ങാനിരിക്കുന്ന അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നസുന്ദരിയായ താരമാണ് പ്രിയാ വാര്യര്‍. ബോളിവുഡിലടക്കം നടിക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം തന്റെ പ്രിയ നടനായ അല്ലു അര്ജ്ജുന് നേരെയുള്ള പ്രിയയുടെ ഗണ്‍ കിസാ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്ജുന് ആണ്. പ്രിയയുടെ വലിയ ആരാധകനുമാണ് അല്ലു അര്ജുന്.ഓഡിയോ ലോഞ്ചിനിടെ അവതാരകയുടെ ആവശ്യപ്രകാരമാണ് പ്രിയ വാര്യര്‍ അല്ലു അര്ജുനന് ഗണ്‍ കിസ് നല്‍കിയത്. വെടിവെച്ചപ്പോള്‍ അല്ലു അര്ജുന് നാണത്തോടെ പൊട്ടിച്ചിരിക്കുകയാണ്. പ്രിയയുടെ അടുത്തായി നായകന് റോഷനും ഉണ്ടായിരുന്നു.
എന്തായാലും പുതിയ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അഡാര്‍ ലവ് തെലുങ്കിലും എത്തുന്നുണ്ട്. ലൗവേഴ്സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗവിനെ ശ്രദ്ധേയമാക്കിയത് ചിത്രത്തിലെ പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ സീനായിരുന്നു. തുടര്‍ന്ന് വിങ്ക് ഗേള്എന്ന പേരില്‍ ഇന്റര്‍നാഷണല്‍ ചാനലുകളില്‍ വരെ പ്രിയ വാര്യര്‍ ചര്‍ച്ചാവിഷയമാവുകയായിരുന്നു.
പ്രിയ വാര്യരുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’. റിലീസിന് മുന്‍പ് വിവാദത്തില്‍ അകപ്പെട്ട ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് നടി ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നതോടെ സിനിമ വിവാദത്തിലായിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് പ്രിയയും സംവിധായകനും രംഗത്തെത്തുകയും ചെയ്തിരുന്നു. പുതിയ കണ്ണിറുക്കലും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.