ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പിനും ഒടുവില്‍ റിലീസായ ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് കഴിഞ്ഞിട്ടും ചിത്രത്തെ വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു എന്ന സൂചനയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പ്രിയ വാര്യരെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ചിത്രത്തിലെ മറ്റൊരു നായിക നൂറിന് ഷെരീഫ് തുറന്നു പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയെന്നവണ്ണം ഇന്സ്റ്റഗ്രൈം സ്റ്റോറിയിലൂടെ പ്രിയ വാര്യര്‍ രംഗത്തെത്തിയിരിക്കുന്നു.
‘സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ എന്നു മാത്രം.. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടു വരും. ആ സമയം അത്ര ദൂരെയുമല്ല’- പ്രിയ സ്റ്റോറിയിലൂടെ പറയുന്നു.
അഡാര്‍ ലവില്‍ പ്രിയ വാര്യരും റോഷനും ആണ് നായികാനായകന്മാരായി എത്തിയത്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗങ്ങള്‍ പ്രിയയെ ലോകപ്രശസ്തയാക്കി. ആദ്യ ചിത്രം റിലീസിനെത്തും മുമ്പെ തന്നെ പ്രിയയ്ക്ക് ബോളിവുഡിലേക്കും ചുവടു വയ്ക്കാനായി. പ്രിയ-റോഷന് ജോഡികളെ ട്രോളിയും പ്രശംസിച്ചും പ്രേക്ഷകരും ഏറ്റെടുത്തു.
എന്നാല്‍ ചിത്രം തീയേറ്ററുകളിലെത്തിയ ശേഷമാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിച്ച നൂറിന് ഷെരീഫിനെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. പിന്നീട് പ്രേക്ഷകര്‍ പ്രിയയെ വിട്ട് നൂറിനു പിന്നാലെയായി. ട്രോളുകളേക്കാള്‍ പ്രശംസകള്‍ കൊണ്ട് മൂടി. അതിനു ശേഷം നൂറിനും പ്രിയയും തമ്മിലെ ബന്ധത്തില്‍ പോലും വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തില്‍ നൂറിന് പ്രതികരിച്ചു തുടങ്ങി. ചിത്രത്തിന്റെ റിലീസിനു മുമ്പ് പ്രിയയ്ക്കും റോഷനും ലഭിച്ച പ്രശസ്തിയും അംഗീകാരങ്ങളും ആദ്യമൊക്കെ തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ന് അതെല്ലാം മാറിയെന്നും നൂറിന് പ്രതികരിച്ചു.