തളിപ്പറമ്പ്: ഗാനമേള അലങ്കോലമാക്കിയ ട്രാഫിക് എസ്ഐയുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. പാവങ്ങളുടെ വാനമ്പാടിയെന്നറിയപ്പെടുന്ന പ്രിയ അച്ചുവിന്റെ ഇന്നലെ തളിപ്പറമ്പില്‍ നടന്ന ഗാനമേളയാണ് തളിപ്പറമ്പ് ട്രാഫിക് എസ് ഐ കെ.വി.മുരളി അലങ്കോലമാക്കിയത്. ആയിരത്തിലേറെ ഡയാലിസിസുകള്‍ കഴിഞ്ഞ തേര്‍ത്തല്ലിയിലെ പി.പി.ബിജുവിന്റെ ചികിത്സാസഹായ നിധിയിലേക്കുള്ള ധനശേഖരണാര്‍ത്ഥമാണ് പ്രിയ അച്ചു ഇന്നലെ സൗജന്യമായി ഗാനമേള നടത്താന്‍ തളിപ്പറമ്പില്‍ വന്നത്.
തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന പ്രിയ അച്ചു രോഗപീഢകളനുഭവിക്കുന്ന സഹജീവികള്‍ക്ക് സഹായം ചെയ്യുന്നതിനാണ് സൗജന്യമായി പാട്ടുപാടാന്‍ എത്തുന്നത്. ഇന്നലെ രാവിലെ ടൗണ്‍ സ്ക്വയറിന് സമീപം ആരംഭിച്ച ഗാനമേളയാണ് ബസ്സ്റ്റാൻഡില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതായി ആരോപിച്ച് ട്രാഫിക് എസ്ഐ നിര്‍ത്തിവയ്പ്പിച്ചത്.
എസ്ഐയുടെ ആക്രോശ പ്രകടനങ്ങള്‍ പ്രിയ അച്ചു തല്‍സമയം ഫേസ്ബുക്ക് ലൈവായി നല്‍കിയിരുന്നു. ഇരുപത് മണിക്കൂറിനകം 3,76, 449 പേരാണ് ഇത് കണ്ടത്. നിയമപരമായി മൈക്ക് പെര്മിഷന് വാങ്ങി സംഘടിപ്പിച്ച പരിപാടിക്ക് തളിപ്പറമ്പ് നഗരസഭ ടൗണ്‍ സ്ക്വയര്‍ സൗജന്യമായാണ് നല്‍കിയത്.
എസ്ഐ യുടെ പ്രകടനം കണ്ട ജനങ്ങള്‍ വലിയ പിന്തുണ നല്‍കിയതോടെ പ്രിയ അച്ചു ഗാനമേള തുടര്‍ന്നു. പിരിഞ്ഞുകിട്ടിയ 72,004 രൂപ ഫേസ് ബുക്ക് ലൈവായി തന്നെ എണ്ണി തിട്ടപ്പെടുത്തി ബിജുവിന്റെ ബന്ധുക്കളെ ഏല്‍പ്പിച്ചാണ് അവര്‍ തിരിച്ചുപേയത്.
നഗരത്തില്‍ നടന്നുവരുന്ന പല നഗ്നമായ നിയമലംഘനങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന പോലീസ് ഒരു കാരുണ്യ പ്രവൃത്തി നിര്‍ത്തിവെപ്പിക്കാന്‍ കാണിച്ച അതിരുവിട്ട താല്പര്യത്തിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.