ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കൽ രംഗത്തിലൂടെ ആഗോള പ്രശസ്തി നേടിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. സിനിമ റിലീസ് ആകുന്നതിനു മുന്പേ തന്നെ പ്രിയ വന്പൻ പ്രശസ്തി നേടി.
ഇൻസ്റ്റഗ്രാം ഫോളോവേഴ്സിന്റെ എണ്ണത്തിൽ പ്രിയ ബോളിവുഡ് സൂപ്പർ താരങ്ങളെപ്പോലും പിന്നിലാക്കി. 7.2 മില്യൺ പേർ പ്രിയയെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നിരുന്നു. പക്ഷെ ഒരു ദിവസം എല്ലാവരേയും അന്പരപ്പിച്ചു കൊണ്ട് പ്രിയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു.
ഇപ്പോൾ വീണ്ടും പ്രിയ ഇൻസ്റ്റഗ്രാമിൽ എത്തിയിരിക്കുകയാണ്. എന്തുകൊണ്ട് താൻ കുറച്ചുകാലം വിട്ടു നിന്നു എന്നും പ്രിയ വിശദീകരിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പ്രിയ വിശദീകരണം നൽകുന്നത്.
ഈ ലോക്ക് ഡൗൺ കാലത്ത് എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാകുന്പോൾ പ്രിയ എന്തിനിങ്ങനെ ചെയ്തുവെന്നാണ് എല്ലാവരും ചോദിക്കുന്നത്. കുറച്ചുനാൾ മാറി നിൽക്കണമെന്നു തോന്നിയതുകൊണ്ടു മാത്രം ചെയ്തതാണ്.
അല്ലാതെ വലിയ കാര്യങ്ങൾ ഒന്നും ഇതിന്റെ പിന്നിലില്ല. ഇതെനിക്ക് ഒരു പ്രൊഫഷണൽ സ്പേസ് കൂടിയാണ്. അതുകൊണ്ട് അധിക നാളൊന്നും ഞാൻ ഇടവേളയെടുത്തില്ല. എങ്കിലും കഴിഞ്ഞ രണ്ടാഴ്ച എനിക്ക് സമാധാനമുണ്ടായിരുന്നു. ചെറിയ ഇടവേളയായിരുന്നുവെങ്കിൽ പോലും ഞാനത് ഒരുപാട് ആസ്വദിച്ചു. – പ്രിയ പറയുന്നു.
സോഷ്യൽ മീഡിയ എന്നെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നെങ്കിലും ഇടയ്ക്കെപ്പോഴോ എന്നിൽ സമ്മർദമുണ്ടയി. ലൈക്കുകൾ, ഫോളോവേഴ്സ് എന്നിവ സ്വാധീനമുണ്ടാക്കി. അതുകൊണ്ടുതന്നെ ഒരു ഇടവേള ആവശ്യമായി തോന്നി.
സോഷ്യൽ മീഡിയയിലെ കമന്റുകളിലെ നെഗറ്റിവിറ്റി പലപ്പോഴും മുറിവേൽപ്പിക്കാറുണ്ടെന്ന് താരം പറയുന്നു. അതു കൊണ്ടു തന്നെ അത്തരം കമന്റുകൾ ഒഴിവാക്കണമെന്നും പ്രിയ അഭ്യർഥിക്കുന്നു.