തിയറ്ററുകളില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയ ഒരു പിടി സിനിമകളുടെ തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്. മമ്മൂട്ടിക്കു വേണ്ടി ഇത്രയധികം ഹിറ്റ് സിനിമകൾ എഴുതിയ മറ്റൊരു തിരക്കഥാകൃത്തുണ്ടാകില്ല.
രാജാവിന്റെ മകനും ഭൂമിയിലെ രാജാക്കൻമാരും എഴുതുമ്പോൾ മോഹൻലാല്‍ മലയാള സിനിമയില്‍ സൂപ്പർ താരമായിരുന്നില്ല. ഈ ചിത്രങ്ങളോടെ മോഹൻലാൽ സൂപ്പർ സ്റ്റാറായി.
മലയാളി ഇന്നും മറക്കാത്ത തിയറ്ററുകളെ പൂരപ്പറമ്പാക്കിയ ഒരു പിടി ചിത്രങ്ങൾ ഡെന്നീസ് ജോസഫിന്റെ സംഭാവനയാണ്. ഒപ്പം മനു അങ്കിൾ, അഥർവം, അപ്പു തുടങ്ങി അഞ്ചു സിനിമകൾ ഡെന്നിസ് ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ മേയിൽ ഹൃദയാഘാതത്തെ തുടർന്നാണ് ഡെന്നിസ് ജോസഫിനെ മലയാള സിനിമയ്ക്കു നഷ്ടപ്പെട്ടത്.
ഡെന്നിസ് ജോസഫിനെ പ്രിയദർശൻ ഭയന്നിരുന്നവെന്നാണ് മണിയൻ പിള്ള രാജു ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഡെന്നിസ് സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം തനിക്ക് ഒരു ഭീഷണിയാകുമെന്ന് പ്രിയദർശൻ പറഞ്ഞതായാണ് മണിയൻ പിള്ള രാജു പറഞ്ഞത്.
പ്രിയന് എഴുതാന്‍ കഴിവുള്ളയാളാണ്. എഴുത്തുകാരനാവുന്നത് സംവിധാനത്തില്‍ വളരെയധികം സഹായിക്കും. ഒരു സംവിധായകന് എഴുതുന്നതിലും പ്രിയന് പേടിയില്ല.
പക്ഷേ നമ്മുടെ ഡെന്നിസ് ജോസഫ് സംവിധായകനായി വരാനിരുന്നപ്പോൾ എന്നോട് പറഞ്ഞു…. എനിക്ക് പുതിയ ഡയറക്ടര്‍മാര്‍ വരുന്നതില്‍ പേടിയുള്ളത് ഡെന്നിസ് ജോസഫിനെയാണെന്ന്.
എന്താണെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ പ്രിയന് എന്നോട് പറഞ്ഞു… ഒന്നാമത് അദ്ദേഹം ഒരു എഴുത്തുകാരനാണ്. നല്ല എഴുത്തുകാരനാണ്.
ഒരു എഴുത്തുകാരന് സംവിധായകനായി വരുമ്പോള്‍ അയാളുടെ അടുത്ത് ഐഡിയ കാണും. നന്നായിട്ട് എഴുതും. അല്ലാത്തത് ആരുടെയെങ്കിലുമൊക്കെ വിഷയത്തില്‍ സംവിധാനം ചെയ്യുന്നതല്ലേ.
അതുകൊണ്ട് അയാളൊരു ഭീഷണിയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്- മണിയൻ പിള്ള രാജു പറഞ്ഞു.
എന്നാൽ അദ്ദേഹം സംവിധാനവുമായി അധികം മുമ്പോട്ട് പോയില്ലെങ്കിലും ന്യൂഡൽഹി എന്ന ഒറ്റ തിരക്കഥകൊണ്ട് എല്ലാവരേയും അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റിയെന്നും മണിയൻ പിള്ള രാജു അഭിമുഖത്തിൽ പറഞ്ഞു.
-പിജി