തിരുവനന്തപുരം: സംവിധായകൻ മേജർ രവിക്കു പിന്നാലെ വിവാദ വർഗീയ പരാമർശവുമായി സംവിധായകൻ പ്രിയദർശൻ. ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് ആർഎസ്എസ് എന്ന് പ്രിയദർശൻ പറഞ്ഞു. ആർഎസ്എസ് സേവനവിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രിയദർശൻ.
ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചു വളർന്നത്. എന്നാൽ നമ്മുടെ ക്ഷമയും മര്യാദയുമെല്ലാം ഭീരുത്വമാണെന്നാണ് പലരും കരുതിയത്. ആർഎസ്എസിന്റെ മുഖത്തിന് ഭംഗി നൽകുന്ന പ്രസ്ഥാനമാണ് സേവാഭാരതി- പ്രിയദർശൻ പറഞ്ഞു.
നേരത്തെ സമാനരീതിയിൽ വർഗീയ പരാമർശവുമായി സംവിധായകൻ മേജർ രവി രംഗത്തുവന്നിരുന്നു. ഹിന്ദുക്കൾ ഉണരണമെന്നും ഇനിയും ഉണരാൻ തയാറല്ലെങ്കിൽ ഹിന്ദു ഇല്ലാതായിത്തീരുമെന്നുമായിരുന്നു മേജർ രവിയുടെ പ്രസ്താവന.