മുംബൈ: ഭയം എന്ന ഒറ്റ കാരണം കൊണ്ടാണ് ബോളിവുഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്നതെന്ന് മുൻ എംപിയും കോണ്ഗ്രസ് നേതാവുമായ പ്രിയ ദത്ത്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ദത്തിന്റെ പരാമർശം.
ഭയമല്ലാതെ മറ്റെന്തെങ്കിലും കാരണം ഇതിനു പിന്നിലുണ്ടെന്നു നിങ്ങൾ കരുതുന്നുണ്ടോ?. അല്ലെങ്കിൽ എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം ഇങ്ങനെയൊരു മാറ്റം. എല്ലാവർക്കും പ്രശ്നങ്ങളുണ്ട്. എല്ലാ പൗരൻമാർക്കും അവരുടെ കാഴ്ചപ്പാടുകൾ വ്യക്തമാക്കാൻ അവകാശമുണ്ട്- ബോളിവുഡ് താരങ്ങൾ സർക്കാർ അനുകൂല രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്നതിനെ സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി ദത്ത് പറഞ്ഞു.
സുനിൽ ദത്ത്-നർഗീസ് ദന്പതികളുടെ മകളും നടൻ സഞ്ജയ് ദത്തിന്റെ സഹോദരിയുമാണ് പ്രിയ ദത്ത്. ഇക്കുറി മുംബൈ നോർത്ത് മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാർഥിയാണ് പ്രിയ ദത്ത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പൂനം മഹാജനോട് പ്രിയ പരാജയപ്പെട്ടിരുന്നു.