നീ ആരെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂ! സംവിധായകന്‍ പ്രിയദര്‍ശന്റെ സസ്‌പെന്‍സ് നിറച്ച പിറന്നാള്‍ ആശംസയില്‍ തലപുണ്ണാക്കി സോഷ്യല്‍മീഡിയ; നിഗൂഢത പൊളിച്ചടുക്കിയത് മകള്‍ കല്ല്യാണിയും

സസ്‌പെന്‍സുകളുടെ തോഴനായാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലെല്ലാം േ്രപക്ഷകര്‍ക്കായി ഒന്നല്ലെങ്കില്‍ മറ്റൊരിടത്ത് ഒരു സസ്‌പെന്‍സ് അദ്ദേഹം കരുതിവച്ചിരിക്കും. സിനിമയിലെന്ന പോലെ ജീവിതത്തിലും സസ്‌പെന്‍സുകളെ പ്രണയിക്കുന്നയാളാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ഇക്കഴിഞ്ഞ ദിവസം സിനിമയിലെന്ന പോലെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലും പ്രിയദര്‍ശന്‍ ഒരു സസ്‌പെന്‍സ് ഒളിപ്പിച്ചു വെച്ചു. എന്നാല്‍ അത് കണ്ടുപിടിച്ച് പൊളിച്ചടുക്കിയതാവട്ടെ മകള്‍ കല്ല്യാണിയും.

സംഭവമിങ്ങനെയാണ്…കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ ഒരു ആശംസ നേര്‍ന്നു. ആര്‍ക്കാണെന്ന് വ്യക്തമല്ല, ”നിനക്ക് പിറന്നാള്‍ ആശംസകള്‍. നീ ആരാണെന്ന് എനിക്കും നിനക്കും മാത്രമേ അറിയൂ… ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.” ഇതായിരുന്നു ഊരും പേരും സൂചിപ്പിക്കാതെ പ്രിയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഇതാര്‍ക്കുള്ള സന്ദേശമാണ് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയിലാകെ പൊടിപൊടിക്കുമ്പോഴാണ് മകള്‍ കല്ല്യാണി ഇന്‍സ്റ്റഗ്രാമിലൂടെ പിതാവിന്റെ ആ രഹസ്യം വെളിപ്പെടുത്തിയത്. കല്ല്യാണിയുടെ അമ്മ അതായത് പ്രിയദര്‍ശന്റെ മുന്‍ ഭാര്യ ലിസിയ്ക്കുള്ള പിറന്നാള്‍ ആശംസയായിരുന്നു അത്. ”ആദ്യ ചിത്രത്തില്‍ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ഇപ്പോഴും ഇരിക്കുന്ന എന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് കല്ല്യാണി കുറിച്ചത്.

പലപ്പോഴും അമ്മയെ എന്റെ സഹോദരിയായി തെറ്റിദ്ധരിച്ചിട്ടുണ്ട്. അമ്മയ്ക്ക് ഇന്‍സ്റ്റാഗ്രം അക്കൗണ്ട് ഇല്ല, നിങ്ങള്‍ പങ്കുവയ്ക്കുന്ന ആശംസകള്‍ ഞാന്‍ അമ്മയ്ക്ക് കാണിച്ച് കൊടുത്തോളാം. അത് അമ്മയെ വളരെയധികം സന്തോഷിപ്പിക്കും”. ഇതായിരുന്നു കല്യാണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പ്രിയന്‍ ആശംസ നേര്‍ന്നത് ആര്‍ക്കെന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ഇതോടെ വിരാമമായി. പിരിഞ്ഞുകഴിയുന്ന ഭാര്യ ലിസിക്കുള്ള ആശംസയായിരുന്നു അതെന്ന് ആളുകള്‍ക്ക് മനസ്സിലായത് പിന്നീടാണ്.

പിന്നെ പ്രിയന്റെ പോസ്റ്റിനു താഴെ ലിസിയ്ക്കുള്ള ആശംസകളുടെ അഭിഷേകമായിരുന്നു. ഇരുപത്തിനാല് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2014 ലാണ് പ്രിയനും ലിസിയും തമ്മില്‍ പിരിഞ്ഞത്. ലിസി തന്റെ എല്ലാമായിരുന്നുവെന്നും ലിസിയെക്കൂടാതെ ചുറ്റും ശൂന്യതയാണെന്നും പ്രിയദര്‍ശന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതിനെല്ലാം ശേഷമാണ് പ്രിയദര്‍ശന്റെ നിഗൂഢത നിറഞ്ഞ ആശംസ ചര്‍ച്ചയായത്.

 

Related posts