അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയസാന്നിധ്യമാകാൻ നടി പ്രിയാമണിക്കു സാധിച്ചിട്ടുണ്ട്. പരുത്തിവീരൻ, തിരക്കഥ, ചാരുലത തുടങ്ങിയവയെല്ലാം പ്രിയാമണിയുടെ ശ്രദ്ധേയ സിനിമകളാണ്. ബോളിവുഡിൽ കൂടുതൽ ശ്രദ്ധ നൽകുകയാണു താരം. മുസ്തഫ രാജ് എന്നാണ് പ്രിയാമണിയുടെ ഭർത്താവിന്റെ പേര്.
ഇരുവരും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. ഇപ്പോഴിതാ ദാന്പത്യ ജീവിതത്തെക്കുറിച്ചു തുറന്ന് സംസാരിക്കുകയാണ് പ്രിയാമണി. ഭർത്താവും താനും ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണു കാണുന്നതെന്ന് പ്രിയാമണി പറയുന്നു. ഫിലിം ഫെയറിനോടാണു പ്രതികരണം.
ആദ്യം അദ്ദേഹം ഇവന്റ് ബിസിനസിൽ ആയിരുന്നു. ഇവന്റുകൾ കാരണം അദ്ദേഹത്തിന് മൂന്നോ നാലോ മണിക്കൂർ മാത്രം ഉറങ്ങാൻ കഴിഞ്ഞ സമയമുണ്ടായിരുന്നു. കൊവിഡിനു ശേഷം സ്ഥാപനങ്ങൾ നിർത്തി. ഇപ്പോൾ അദ്ദേഹം യുഎസിലാണ്. സഹോദരനാെപ്പം ഓയിൽ ആൻഡ് ഗ്യാസ് ബിസിനസിലാണിപ്പോൾ. ഞങ്ങളുടേത് എപ്പോഴും ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. പ്രണയിക്കുമ്പോൾ ഞാൻ ബംഗളൂരുവിലും അദ്ദേഹം ദുബായിലും. 2012 ലാണ് പ്രണയം തുടങ്ങിയത്. 2017 ൽ വിവാഹവും നടന്നെന്ന് പ്രിയാമണി ചൂണ്ടിക്കാട്ടി.
ലോംഗ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിൽ ഞങ്ങളുടെ ഏറ്റവും വലിയ പ്ലസ് എന്തെന്നാൽ ഞങ്ങൾ എപ്പോഴും പരസ്പരം കമ്യൂണിക്കേറ്റ് ചെയ്യും. ഓരോ മിനിറ്റിലും ഞങ്ങൾ മെസേജ് അയയ്ക്കും. ഒരു ദിവസം ചെയ്യാൻ പോകുന്ന എല്ലാ കാര്യങ്ങളും ഭർത്താവിനോടു പറയും. തിരിച്ച് ഇങ്ങോട്ടും. വൈകുന്നേരം വീഡിയോ കോളിലൂടെയോ ഓഡിയോ കോളിലൂടെയോ കുറച്ച് സമയം സംസാരിക്കാൻ പറ്റും. മൂന്ന് മാസത്തിലൊരിക്കൽ കാണും.
ദുബായിലാണു ഞങ്ങൾ ഒത്ത് ചേരുക. ദുബായിലും അദ്ദേഹം വർക്ക് ചെയ്തിട്ടുണ്ട്. തനിക്കും ഭർത്താവിനും ഒരേ പോലെ ജോലിത്തിരക്കുണ്ട്. മൂന്ന് മാസത്തിലൊരിക്കൽ കാണുമ്പോൾ 10-15 ദിവസം ഒരുമിച്ചുണ്ടാകും. അത് ഞങ്ങളുടെ മാത്രം സമയമാണ്. ഒരുമിച്ചില്ലാത്തപ്പോഴും വെെകാരികമായി അദ്ദേഹം തനിക്കൊപ്പമുണ്ടെന്നും പ്രിയാമണി പറഞ്ഞു.
മുസ്തഫയെ വിവാഹം ചെയ്തപ്പോൾ വ്യത്യസ്ത മതമായതിന്റെ പേരിൽ അധിക്ഷേപങ്ങൾ വന്നിട്ടുണ്ട്. ജിഹാദ്, നിങ്ങളുടെ മക്കൾ തീവ്രവാദികളാകുമെന്നാെക്കെ പറഞ്ഞു. ഈദിന് ഒരു പോസ്റ്റിട്ടപ്പോൾ ഞാൻ മതം മാറിയെന്ന് പറഞ്ഞു. അതെങ്ങനെയാണ് നിങ്ങൾക്കറിയുക. മതം മാറണോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ്. മുസ്തഫയെ വിവാഹം ചെയ്തപ്പോൾ ആദ്യം ഞാൻ പറഞ്ഞത് ഞാൻ മതം മാറുമെന്ന് പ്രതീക്ഷിക്കരുതെന്നാണ്. ഞാൻ ഹിന്ദുവായാണ് ജനിച്ചത്.
അത് ഫോളോ ചെയ്യും. എന്നാൽ എല്ലാ ദിവസം അമ്പലത്തിൽ പോകുന്ന വിശ്വാസിയല്ല. മുസ്തഫയുടെ മാതാപിതാക്കളുടെ സമ്മതമായിരുന്നു പ്രധാനം. അവരും സമ്മതിച്ചു. നീ മതം മാറുകയോ ഞങ്ങളുടെ വിശ്വാസം പിന്തുടരുകയോ വേണ്ടെന്ന് മുസ്തഫയുടെ മാതാപിതാക്കൾ പറഞ്ഞു. സോഷ്യൽ മീഡിയയിലെ കമന്റുകൾ താൻ കാര്യമാക്കാറില്ലെന്നും പ്രിയാമണി പറയുന്നു.