തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. തമിഴ് സിനിമയില്‍ തുടങ്ങി, ഇപ്പോള്‍ ബോളിവുഡ് വരെ ചെന്നു നില്‍ക്കുകയാണ് പ്രിയാമണി.
മലയാളം, തെലുങ്ക്, തമിഴ്, കന്നട, ബോളിവുഡ് എന്നിങ്ങനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ സിനിമകള്‍ പ്രിയാമണി ചെയ്തു. എല്ലാ ഇൻഡസ്ട്രിയിലും തന്റേതായ സ്ഥാനം കണ്ടെത്തി നിലനില്‍ക്കുന്നത് ചെറിയ കാര്യമല്ല. കഴിഞ്ഞ ദിവസം പ്രിയാമണിയുടെ ജന്മദിനമായിരുന്നു.
40 വയസിലേക്ക് കടന്ന നടിക്ക് ആശംസകള്‍ അറിയിച്ച് നിരവധി പ്രമുഖരും ആരാധകരും രംഗത്തെത്തിയിരുന്നു. ആശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് പ്രിയാമണി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയില്‍ വന്നതുമുതലുള്ള തന്റെ യാത്രയെകുറിച്ച് സൂചിപ്പിക്കുന്ന ഒരു വീഡിയോയ്ക്കൊപ്പമാണ് പ്രിയയുടെ നന്ദി പറച്ചില്.
എന്റെ റൂബി ജൂബിലി ആഘോഷിക്കുന്നു. പ്രായമാകുംതോറും ഈ ജീവിതത്തിലും, ഈ ജീവിതം പങ്കിടാന്‍ ഒപ്പമുണ്ടായിരുന്ന മനോഹരമായ ആളുകളോടും ഞാന്‍ നന്ദിയുള്ളവളാണ്. മനോഹരമായ ജന്മദിനാശംസകള് അറിയിച്ച എല്ലാവര്ക്കും നന്ദി. ഇനിയും ഉയരങ്ങളിലേക്ക് എന്നാണ് പ്രിയയുടെ പോസ്റ്റ്.
പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വിട്ടുപോയവര്‍ കമന്റ് ബോക്സിലെത്തിയും ആശംസകള്‍ പറയുന്നുണ്ട്. പ്രിയയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന എല്ലാ ഭാഷയിലും പെട്ട ആരാധകരെയും കമന്റ് ബോക്സില്‍ കാണാം.
ഒറ്റ നാണയം, തിരക്കഥ, പുതിയമുഖം, പ്രാഞ്ചിയേട്ടന്, ഗ്രാൻഡ് മാസ്റ്റര്‍ എന്നിങ്ങനെ നേര് വരെയുള്ള മലയാളസിനിമകളെല്ലാം ഹിറ്റാണ്. സിനിമയെക്കാള്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ പ്രിയാമണിയെ ഇഷ്ടപ്പെട്ടത് ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്.
ഇതിനിടയില്‍ പരുത്തിവീരന് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലെ ഒരു പാട്ടിന് വേണ്ടിയാണ് പ്രിയാമണി ബോളിവുഡിലേക്ക് എത്തിയത്. പിന്നീട് അതീത്, ജവാന്, ആര്‍ട്ടിക്കിള്‍ 370 പോലുള്ള സിനിമകളിലൂടെ അവിടെയും നിലയുറപ്പിച്ചു.