അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച നടിയെന്ന പേര് സന്പാദിക്കാൻ കഴിഞ്ഞ നടിയാണ് പ്രിയാമണി. മലയാള സിനിമാ ലോകത്തിന് എന്നും പ്രിയാമണി പ്രിയങ്കരിയാണ്. കുറച്ച് സിനിമകളിലേ മലയാളത്തില്‍ ചെയ്തുവെങ്കിലും ഇവയില്‍ ഭൂരിഭാഗവും ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ച് 2008 ല്‍ പുറത്തിറങ്ങിയ തിരക്കഥ. കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നാണ് തിരക്കഥയില്‍ പ്രിയാമണി കാഴ്ചവച്ചത്.
മാളവിക എന്നായിരുന്നു പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതത്തെ ആസ്പമദമാക്കിയാണ് ഈ സിനിമയൊരുങ്ങിയത്. അനൂപ് മേനോന്, പൃഥ്വിരാജ്, സംവൃത സുനില്‍ തുടങ്ങിയവര്‍ തിരക്കഥയില്‍ അഭിനയിച്ചു.
തിരക്കഥ എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പ്രിയാമണി. മാളവിക എന്ന കഥാപാത്രവുമായി തനിക്ക് ചില കാര്യങ്ങളില്‍ സാമ്യമുണ്ടെന്ന് പ്രിയാമണി പറയുന്നു. മാളവിക ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം ചര്‍ച്ചയാകുന്നുണ്ട്. കാരക്ടര്‍ റോളാണെങ്കിലും അത് സംസാര വിഷയമാകുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളും സംസാര വിഷയമാകുന്നു. ആ സാമ്യത്തില്‍ സന്തോഷമുണ്ട്. പക്ഷെ മാളവികയുടെ ജേര്‍ണിയും എന്റെ ജേര്‍ണിയും അത്ര സിമിലര്‍ അല്ല. ആകേണ്ടെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.
ഹോം വര്‍ക്കൊന്നും ചെയ്തിരുന്നില്ല. അന്ധമായ വിശ്വാസത്തില്‍ സിനിമ സ്വീകരിച്ചു. കഥാപാത്രത്തിന്റെ മികവിന്റെ ക്രെഡിറ്റ് മുഴുവനും സംവിധായകന് രഞ്ജിത്തിനാണ്. ചില സീനുകളില്‍ പ്ലേഫുള്‍ മാളവികയായിരിക്കണമെന്ന് രഞ്ജിത്ത് സര് പറഞ്ഞു. റിഹേഴ്സല്‍ ചെയ്യുമ്പോള്‍ ഇത്ര ഓവറായി വേണ്ട, കുറച്ച് അണ്ടര്‍ പ്ലേ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഒരുപാട് റിഹേഴ്സല്‍ ചെയ്തു. കറക്ട് മീറ്റര്‍ രഞ്ജിത്ത് സര് പറഞ്ഞ് തന്നു. മാളവികയ്ക്ക് കാന്‍സര്‍ ബാധിച്ച ശേഷമുള്ള സീനുകളിലാണ് ഞാന്‍ കുറേക്കൂടി വര്‍ക്ക് ചെയ്യേണ്ടി വന്നത്.
പ്രോസ്തെറ്റിക് മേക്കപ്പ് കഴിഞ്ഞ് സെറ്റ് മുഴുവന്‍ സൈലന്റായി. രഞ്ജിത്ത് അമ്പാടിയായിരുന്നു മേക്കപ്പ്. പുള്ളിക്കാരന് എനിക്ക് മേക്കപ്പ് ചെയ്യുമ്പോള്‍ കരഞ്ഞു. പിന്നെയായിരുന്നു എന്റെ സൈഡില്‍ നിന്ന് കുറേക്കൂടി വര്‍ക്ക് വേണ്ടത്. കാന്‍സര്‍ ബാധിച്ച ശേഷമുള്ള സീനുകളില്‍ എങ്ങനെ അഭിനയിക്കണമെന്ന് രഞ്ജിത്ത് സര് പറഞ്ഞ് തന്നു. എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന് തോന്നിയിരുന്നു. സീനുകള്‍ നന്നായി വന്നതില്‍ സന്തോഷമുണ്ട്- പ്രിയാമണി വ്യക്തമാക്കി.