തെന്നിന്ത്യൻ താരം പ്രിയാമണി വിവാഹിതയാകുന്നു. ഈ മാസം 23ന് ബംഗളൂരുവിൽ പ്രിയാമണിയുടെ വസതിയിൽ വച്ചാണ് വിവാഹം. മുംബൈ കേന്ദ്രമായി ഇവന്റ് മാനേജ്മെന്റ് കന്പനി നടത്തുന്ന മുസ്തഫ രാജാണ് വരൻ. ഇരുവരും കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ഐപിഎൽ ക്രിക്കറ്റ് മാച്ചിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ലളിതമായ ചടങ്ങുകളോടെയാകും വിവാഹം നടക്കുക.
സബ്രജിസ്ട്രാർ ഓഫീസിൽ നടക്കുന്ന വിവാഹരജിസ്ട്രേഷനു ശേഷം ചെറിയ വിവാഹസത്കാരം മാത്രമാണ് ഒരുക്കുക. അടുത്ത ബന്ധുക്കളും സഹപ്രവർത്തകരും മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. പാലക്കാട് സ്വദേശിനിയായ പ്രിയ 2004ൽ പുറത്തിറങ്ങിയ കണ്കളാൽ കൈത് സൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് വിനയൻ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ സത്യത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
നടിയെന്ന രീതിയിൽ പ്രിയയുടെ തലവര മാറ്റിയത് പരുത്തിവീരൻ എന്ന തമിഴ് സിനിമയായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം താരത്തിനു നേടിക്കൊടുത്തു. രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥയാണ് പ്രിയയെ മലയാളത്തിൽ പ്രിയങ്കരിയാക്കിയത്. ഗ്രാൻഡ് മാസ്റ്റർ ആണ് പ്രിയാമണി മലയാളത്തിൽ ഒടുവിൽ അഭിനയിച്ച ചിത്രം.