വിമർശകർക്ക് അവരുടെ വായടപ്പിക്കുന്ന മറുപടി നൽകാൻ ഒരിക്കലും മടിക്കാത്ത താരമാണ് പ്രിയങ്കാ ചോപ്ര. അഭയാർഥികളായ കുട്ടികളുടെ വിഷയത്തിലുള്ള തന്റെ ഇടപെടലുകളെ പരിഹസിച്ചവർക്ക് ട്വിറ്ററിൽ നല്ല ചുട്ട മറുപടി തന്നെ കൊടുത്തിരിക്കുകയാണ് പ്രിയങ്ക.സിറിയയിൽ നിന്നുള്ള അഭയാർഥികളായ കുട്ടികൾക്കുവേണ്ടി ജോർദാനിലേക്ക് പോവുകയാണെന്ന് പറഞ്ഞുകൊണ്ട് ഇട്ട ട്വീറ്റിനെ പരിഹസിച്ചയാൾക്ക് നല്ല ഒന്നാന്തരം മറുപടിയാണ് പ്രിയങ്ക നൽകിയത്. ഞാൻ യൂണിസെഫുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് പന്ത്രണ്ട് വർഷമായി. ഇതുപോലുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്.
നിങ്ങളെന്താണ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് ഒരു കുട്ടിയുടെ പ്രശ്നം മറ്റ് കുട്ടികളുടേതിനെക്കാൾ ചെറുതാവുന്നത് – പ്രിയങ്ക ട്വീറ്റ് ചെയ്തു. ജോർദാനിൽ സിറിയൻ അഭയാർഥി കുട്ടികളുടെ പ്രശ്നത്തിൽ ഇടപെടുന്നതിന് പകരം ഇന്ത്യയിലെ കുട്ടികളുടെ കാര്യത്തിൽ കൂടുതൽ സമയം ചെലവിടണമെന്ന രവീന്ദ്ര ഗൗതം എന്നയാളുടെ ട്വീറ്റിനാണ് പ്രിയങ്ക ഈ മറുപടി നൽകിയത്. യുണിസെഫിന്റെ കണക്ക് അനുസരിച്ച് 1.3 ദശലക്ഷം സിറിയൻ അഭയാർഥികളാണ് ജോർദാനിലുള്ളത്.
ഈ അഭയാർഥികളുടെ കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് യുണിസെഫ് പ്രതിനിധിയായി പ്രിയങ്ക അവിടെ എത്തിയത്. ജോർദാനിൽ സിറിയൻ അഭയാർഥി കുട്ടിളുടെ പ്രശ്നത്തിൽ ഇടപെടുന്നതിന് പ്രിയങ്കയ്ക്ക് പിന്തുണയുമായി സൊനാക്ഷി സിൻഹയും ട്വീറ്റ് ചെയ്തിട്ടുണ്ട്.