സ്വന്തം ലേഖകൻ
തൃശൂർ: സംവിധായകൻ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട കേസുകളുമായി പാർട്ടി മുന്നോട്ടുപോകുമെന്നും പ്രിയനന്ദനൻ പരസ്യമായി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും ബിജെപി. മാപ്പു പറയേണ്ട ആവശ്യമില്ലെന്ന നിലപാടിലുറച്ച് പ്രിയനന്ദനൻ.
പ്രിയനന്ദനൻ തന്റെ ഫേസ്ബുക്ക്് പോസ്റ്റിലൂടെ അയ്യപ്പനെ അവഹേളിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രിയനന്ദനന്റെ വസതിയിലേക്ക് മാർച്ച് നടത്തുകയും പോസ്റ്റിട്ടതിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദനൻ ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. ഇതേ തുടർന്ന് മണിക്കൂറുകൾക്കകം പ്രിയനന്ദനൻ ആദ്യ പോസ്റ്റ് പിൻവലിച്ചു. നവമാധ്യമങ്ങളിൽ അയ്യപ്പനെ അവഹേളിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ പ്രിയനന്ദനന്റെ വസതിയിലേക്ക് മാർച്ച് നടത്തി. വല്ലച്ചിറ വില്ലേജ് ഓഫീസിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് പ്രിയനന്ദനന്റെ വീടിന് സമീപത്ത് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ബിജെപി പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.കെ. രാജൻ, യുവമോർച്ച ജില്ലാ സെക്രട്ടറി ബാബു വലിയവീട്ടിൽ, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സി.കണ്ണൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
അതേസമയം ആദ്യ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച പ്രിയനന്ദനൻ വീണ്ടും മറ്റൊരു പോസ്റ്റുമായി രംഗത്തെത്തി. നിലപാടിൽ മാറ്റമില്ലെന്നറിയിച്ചാണ് പുതിയ പോസ്റ്റ് ഇട്ടത്. താൻ വീട്ടിൽ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം, ഒളിച്ചിരിക്കില്ല. നിലപാടിൽ മാറ്റമില്ലെന്നും പ്രിയനന്ദനൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളെയും മാതൃത്വത്തെയും മറ്റും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പരാതി നൽകി.
സാംസ്കാരിക നായകന്റെ ഭാഷ കണ്ടില്ലേ… ബിജെപി ജില്ല പ്രസിഡന്റ് എ.നാഗേഷ് ചോദിക്കുന്നു
സിപിഎം കേരളത്തിലെ സാംസ്കാരിക നായകരുടെ കൂട്ടത്തിൽ കൊട്ടിഘോഷിക്കുന്ന പ്രിയനന്ദനന്റെ സംസ്കാര സന്പന്നമായ ഭാഷ എല്ലാവരും കണ്ടില്ലേ. വായിച്ചില്ലേ. തന്റെ സിനിമക്ക് പേരു കിട്ടാൻ വേണ്ടി പ്രിയനനന്ദൻ വിവാദമുണ്ടാക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതുകൊണ്ട് കാര്യമില്ല. എല്ലാവരും വായിച്ച ഒരു പോസ്റ്റ് പിൻവലിച്ചുവെന്ന് പറഞ്ഞിട്ടെന്തു കാര്യം. അത്തരമൊരു പോസ്റ്റിട്ട പ്രിയനന്ദനൻ പൊതുസമൂഹത്തോട് പരസ്യമായി മാപ്പു പറയണം. ബിജെപി കേസുകളുമായി മുന്നോട്ടുപോകും.
ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷ ഉപയോഗിച്ചത് എന്റെ പിഴ.. പ്രിയനന്ദനൻ പറയുന്നു
ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയാണ് ഞാൻ ആ പോസ്റ്റിൽ ഉപയോഗിച്ചത്. എന്നെ പ്രകോപിപ്പിക്കുന്ന തരത്തിൽ വന്ന ഒരു എഫ് ബി പോസ്റ്റിന് അതേ ഭാഷയിൽ ഞാൻ മറുപടി നൽകുകയായിരുന്നു. പോസ്റ്റിട്ടതിനു ശേഷമാണ് ഞാൻ ഉപയോഗിച്ച ഭാഷ മോശമാണെന്നും എന്നെ പ്രകോപിപ്പിച്ചവരുടെ അതേ ഭാഷ തന്നെയാണ് ഞാൻ ഉപയോഗിച്ചതെന്നും മനസിലായത്. അതുകൊണ്ടാണ് ആ പോസ്റ്റ് പിൻവലിച്ചത്.
ഞാൻ ഒരു മതവിശ്വാസത്തിനും എതിരല്ല. അതു ചെയ്യരുത് ഇത് ചെയ്യരുത് എന്ന് പറയാറുമില്ല. എന്നാൽ സയൻസിന്റെ ഒരു കാര്യം വന്നപ്പോൾ അതിന് മറുപടി നൽകിയെന്ന് മാത്രം.
പക്ഷേ ഞാൻ കുറച്ചുകൂടി വിശദീകരിച്ച് നല്ല ഭാഷയിൽ മറുപടി നൽകണമായിരുന്നു. ഭാഷ ചിലപ്പോഴൊക്കെ തിരിച്ചടിക്കും. അതു മനസിലായതിനാലാണ് പോസ്റ്റ് പിൻവലിച്ചത്. അല്ലാതെ മാപ്പു പറയേണ്ട ആവശ്യമൊന്നുമില്ല.
പോസ്റ്റ് പിൻവലിച്ചതോടെ എല്ലാം അവസാനിച്ചുവെന്ന് കരുതി. എന്നാൽ അവരിപ്പോഴും അതേറ്റു പിടിച്ചിരിക്കുകയാണ്.