തൃശൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയനന്ദൻ അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ അക്രമം അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അഭിപ്രായപ്പെട്ടു.
ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ആർക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കിൽ അദ്ദേഹം ക്ഷമ ചോദിച്ച് ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാൽ സംഘപരിവാരും ബിജെപിയും അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുകയും തെറി വിളിക്കുകയാണുണ്ടായത്. ഇപ്പോൾ ശാരീരികമായി ആക്രമിക്കുകയും ചാണക വെള്ളം ഒഴിക്കുകയും ചെയ്തിരിക്കയാണ്.
ഇത്തരം നീക്കങ്ങൾ ബിജെപിയുടേയും ആർഎസ്എസിന്േറയും ഫാസിസ്റ്റ് നയങ്ങളാണ് തുറന്നു കാണിക്കുന്നത്. കേരളത്തെ ഉത്തരേന്ത്യൻ രീതീയിലേക്ക് പരിവർത്തനപ്പെടുത്തുവാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചെറുക്കുമെന്നും അതിനായി ജനാധിപത്യ വിശ്വാസികളും മതേതര വാദികളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും കെ.കെ.വത്സരാജ് പറഞ്ഞു.