ചാത്തന്നൂർ: കുരീപ്പള്ളിയിലെ പെട്രോൾ ബോംബാക്രമണക്കേസിലെ പ്രതിയും, ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാനുമായ ഷിജു വർഗീസിനെക്കുറിച്ചന്വേഷിക്കുന്ന പോലീസ് സിനിമാ താരം പ്രിയങ്കയെ ചോദ്യം ചെയ്തു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും കുഞ്ഞിന്റെ അസുഖം മൂലം പ്രിയങ്ക സാവകാശം ചോദിച്ചിരുന്നു.
എറണാകുളത്ത് താമസിക്കുന്ന പ്രിയങ്ക തിങ്കളാഴ്ച ഉച്ചയോടെയാണ് ചാത്തന്നൂർ എസിപി വൈ.നിസാമുദീന് മുമ്പാകെ ഹാജരായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിലെ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റീസ് പാർട്ടി (ഡിഎസ്ജെപി ) യുടെ സ്ഥാനാർഥിയായി പ്രിയങ്ക മത്സരിച്ചിരുന്നു.
ഡിഎസ്ജെപി ആവശ്യപ്പെട്ടതനുസരിച്ചാണ് അരൂർ മണ്ഡലത്തിൽ മത്സരിച്ചതെന്ന് പ്രിയങ്ക പോലീസിന് മൊഴി നൽകി.
ഡിഎസ് ജെ പിയുമായി അധികബന്ധമില്ല. കുണ്ടറയിലെ സ്ഥാനാർഥിയായി മത്സരിച്ച ഷിജു വർഗീസുമായി അടുപ്പമോ ബന്ധമോ വലിയ പരിചയമോ ഇല്ല.
മറ്റൊരു മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥി എന്നു മാത്രമേ അറിയുകയുള്ളൂ. ബോംബേറ് കേസും മറ്റു വിവരങ്ങളും പത്രങ്ങളിലുടെയാണ് അറിഞ്ഞതെന്നും ചലച്ചിത്ര താരം മൊഴി നൽകി.
ഡി എസ് ജെ പി സ്ഥാനാർഥിയായാണ് ഷിജു വർഗീസ് കുണ്ടറയിൽ മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരേ മത്സരിച്ചത്.
ഡിഎസ്ജെപിയുടെ സ്ഥാനാർഥികളെയും ഭാരവാഹികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
പെട്രോൾ ബോംബാക്രമണ കേസിലെ പ്രതിയായ ഷിജു വർഗീസിനെതിരേ സമഗ്രമായ അന്വേഷണമാണ് പ്രത്യേക സംഘം നടത്തുന്നത്.
തെരഞ്ഞെടുപ്പു ദിവസമാണ് കുരീപ്പള്ളിയിൽ പെട്രോൾ ബോംബാക്രമണക്കേസ് ഉണ്ടായത്.
പെട്രോൾ ബോംബാക്രമണത്തിന്റെ ഗൂഡാലോചന നടന്നത് കൊച്ചി പാലാരിവട്ടത്തെ ഫ്ലാറ്റിൽ വച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ചോദ്യം ചെയ്യപ്പെടാനുള്ള ദല്ലാൾ നന്ദകുമാർ, തുടങ്ങി നിരവധി പേർ കോവിഡ് പ്രതിസന്ധിയിൽപ്പെട്ടതിനാലാണ് അന്വേഷണം നീണ്ടു പോകുന്നതെന്ന് അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എസിപി പറഞ്ഞു.