ബെർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് വനിതാ വിഭാഗം 10 കിലോമീറ്റർ റെയ്സ് വാക്കിംഗിൽ ഇന്ത്യക്കായി വെള്ളി നേടിയ പ്രിയങ്ക ഗോസ്വാമി ഒരു സംഭവമാണ്.
കോമണ്‍വെൽത്ത് ചരിത്രത്തിൽ റേസ് വാക്കിംഗിലൂടെ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യമെഡലാണ് പ്രിയങ്ക എന്ന 26കാരി സ്വന്തമാക്കിയത്. ഉത്തർപ്രദേശ് മുസാഫർനഗർ സ്വദേശിനിയാണ്.
പ്രിയങ്കയുടെ നെയിൽപോളീഷിന് ഒരു പ്രത്യേകതയുണ്ട്. വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകളാണ് നെയിൽ പോളീഷായി പ്രിയങ്ക ആലേഖനം ചെയ്തിരിക്കുന്നത്.
പ്രിയങ്ക ഇന്ത്യയെ പ്രതിനിധീകരിച്ച് വിവിധ മത്സരങ്ങൾക്കായി യാത്ര ചെയ്ത രാജ്യങ്ങളുടെ ദേശീയ പതാകകളാണ് നെയിൽ പോളീഷായിരിക്കുന്നത് എന്നതാണ് വാസ്തവം.
വെള്ളിമെഡലുമായി പോഡിയത്തിൽ നിൽക്കുന്ന പ്രിയങ്കയുടെ ഇടതുകൈയിൽ ഒരു ചെറിയ പ്രതിമയും ഉണ്ടായിരുന്നു എന്നതും മറ്റൊരു സത്യം.
എവിടെയൊക്കെ പോഡിയത്തിൽ കയറിയോ, അവിടെയെല്ലാം കൈയിൽ കരുതിയ കൃഷ്ണന്റെ ചെറുവിഗ്രഹമായിരുന്നു അത്. ആ പതിവ് ബെർമിംഗ്ഹാമിലും പ്രിയങ്ക ആവർത്തിച്ചു.
പേഴ്സണൽ ബെസ്റ്റായ 43:38.83 സെക്കൻഡ് എന്ന സമയം കുറിച്ചാണ് പ്രിയങ്ക കോമണ്‍വെൽത്ത് ഗെയിംസ് വെള്ളി കഴുത്തിലണിഞ്ഞത്. ഓസ്ട്രേലിയയുടെ ജെമീമ മൊണ്ടാഗിനായിരുന്നു (42:34.30) സ്വർണം.