നൗഷാദ് മാങ്കാംകുഴി
കായംകുളം: കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ വീട്ടിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനം.
ദേശീയ പാതയിലെ റോഡ് ഷോയിൽ മാത്രം പങ്കെടുക്കുമെന്ന് മുൻകൂട്ടി അറിയിച്ച പ്രിയങ്ക ഗാന്ധി കായംകുളത്തെത്തിയപ്പോൾ അരിതയുടെ ദേവികുളങ്ങരയിലെ വീട് സന്ദർശിക്കണമെന്നും മാതാപിതാക്കളെ കാണണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ചേപ്പാട് എൻടിപിസി ഗ്രൗണ്ടിൽനിന്ന് അരിതയുമൊത്ത്, തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ. കായംകുളം ഒഎൻകെ ജംഗ്ഷനിലെത്തിയപ്പോൾ വീട് അടുത്താണെന്ന് അരിത പറഞ്ഞിരുന്നു.
ദേശീയ പാതയിൽ പുതുപ്പള്ളി ദേവികുളങ്ങര പഞ്ചായത്തിലേക്ക് തിരിയുന്ന റോഡ് കഴിഞ്ഞപ്പോൾ അരിതയുടെ വീട് എവിടാണെന്നു പ്രിയങ്ക ചോദിച്ചു.
അപ്പോഴേക്കും വാഹനം കമലാലയം ജംഗ്ഷനിലെത്തിയിരുന്നു. കാർ പിന്നോട്ടെടുക്കാൻ ഡ്രൈവർ സന്തോഷിന് പ്രിയങ്ക നിർദേശം നൽകി.
പ്രിയങ്ക എത്തുന്പോൾ വീട് പൂട്ടിയിട്ട നിലയില്‍!. അരിതയുടെ മാതാപിതാക്കളായ തുളസീധരനും ആനന്ദവല്ലിയും ഈ സമയം ദേശീയപാതയിൽ റോഡ് ഷോ കാണുവാൻ പോയിരിക്കുകയായിരുന്നു. പത്ത് മിനിറ്റിനകം മാതാപിതാക്കളെ പാർട്ടി പ്രവർത്തകർ വീട്ടിലെത്തിച്ചു.
വീട്ടുമുറ്റത്ത് പ്രിയങ്കയെ കണ്ട ഇരുവരും സന്തോഷംകൊണ്ടു മതിമറന്നു. ഇരുവരെയും ചേർത്തു നിർത്തി പ്രിയങ്ക അവർക്കൊപ്പം സെൽഫിയെടുത്തു.
പ്രായം കുറവാണെങ്കിലും മകൾ ധൈര്യശാലിയാണെന്നു പ്രിയങ്ക പറഞ്ഞു. അവിടെക്കൂടിയവരോടു കുശലം പങ്കുവയ്ക്കാനും പ്രിയങ്ക മറന്നില്ല.