തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് പ്രിയാമണി. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായുളള പ്രിയാമണി ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ വലിയ വിജയം നേടി.
അഭിനയ പ്രാധാന്യമുളള റോളുകൾക്കൊപ്പം ഗ്ലാമർ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി സജീവമായിരുന്നത്. പരുത്തി വീരൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുളള ദേശീയ പുരസ്കാരവും പ്രിയാമണിക്ക് ലഭിച്ചിരുന്നു.
വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു താരം. സിനിമകൾക്ക് പുറമെ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രിയാമണി എത്തി. ഡി ഫോർ ഡാൻസ് പോലുളള ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.
കഴിഞ്ഞ വർഷം പ്രിയാമണിയുടെ ആദ്യ വെബ് സീരിസായ ഫാമിലി മാൻ പുറത്തിറങ്ങിയിരുന്നു. ഒടിടി പ്ലാറ്റ്ഫോം വഴി എത്തിയ സീരിസിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഫാമിലിമാനിലെ പ്രകടനത്തിന് കഴിഞ്ഞ ദിവസമാണ് മികച്ച നടിക്കുളള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രിയാമണിക്ക് ലഭിച്ചത്. സുചിത്ര അയ്യർ എന്ന കഥാപാത്രമായിട്ടാണ് സീരീസിൽ നടി അഭിനയിച്ചത്.
അതേസമയം വിവാഹത്തിന് ശേഷം നടിമാർക്ക് സിനിമയിൽ അവസരങ്ങൾ കുറയുന്ന അവസ്ഥയ്ക്ക് മാറ്റം വന്നു കൊണ്ടിരിക്കുകയാണെന്ന് പ്രിയാമണി പറഞ്ഞിരുന്നു.
ഒരഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. എന്റെ കുടുംബത്തിലെ മിക്ക സ്ത്രീകളുടെയും ജീവിതമാണ് ഫാമിലിമാനിലെ സുചിത്ര അയ്യരിലൂടെ ഞാൻ അവതരിപ്പിച്ചത്.
കുടുംബവും ജോലിയും ഒരുപോലെ കൊണ്ട് പോകുവാൻ സ്ത്രീകൾ ബുദ്ധിമുട്ടുന്നുണ്ട്. വിചാരിച്ചാൽ സ്ത്രീകൾക്കും മൾട്ടി ടാസ്കിംഗ് ചെയ്യുവാൻ സാധിക്കും.
വിവാഹം കഴിഞ്ഞ ശേഷമാണ് എനിക്ക് തിരക്ക് കൂടിയത്. എന്റെ അഭിനയ ജീവിതത്തിന് കുടുംബം തടസമല്ല. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ ഞാൻ സിനിമയിൽ അഭിനയിച്ചു തുടങ്ങി.
വിവാഹത്തിന് പിന്നാലെ നടിമാരുടെ അവസരങ്ങൾ കുറയുമെന്ന പഴഞ്ചൻ വിശ്വാസമൊക്കെ ഇപ്പോൾ മാറികൊണ്ടിരിക്കുകയാണ്. അതേസമയം വെബ് സീരീസിലെ കഥാപാത്രത്തിനായി പ്രത്യേകിച്ച് തയാറെടുപ്പുകൾ ഒന്നുമില്ലാതെയാണ് അഭിനയിച്ചത്.
അണിയറ പ്രവർത്തകർ നൽകിയ പിന്തുണയും ആത്മവിശ്വാസവും വലുതായിരുന്നു- പ്രിയാമണി പറഞ്ഞു.
സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തിൽ എത്തിയത്. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ. പിന്നാലെ മമ്മൂട്ടി, മോഹൻലാൽ, ജയറാം തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകളിലും നടി അഭിനയിച്ചു.
മലയാളത്തിൽ പതിനെട്ടാം പടി എന്ന ചിത്രമാണ് നടിയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ അതിഥി വേഷത്തിലാണ് പ്രിയാമണി അഭിനയിച്ചത്.