ചാത്തന്നൂർ: ബോംബ് ആക്രമണ കേസുമായി ബന്ധപ്പെട്ട് ഇഎം സിസി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു വർഗീസിനെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം കെപിസിസി ജനറൽ സെക്രട്ടറി പി.ജർമ്മയാസിനെ ചോദ്യം ചെയ്തു. നടി പ്രിയങ്കയെ ഉടൻ ചോദ്യം ചെയ്യും.
ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദമായ സ്ഥാപനമാണ് ഇഎംസിസി. കുണ്ടറ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ച ഇഎംസിസി ചെയർമാൻ ഷിജു വർഗീസിനെ പെട്രോൾ ബോംബാക്രമണ നാടകത്തിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതേ തുടർന്നാണ് ഷിജു വർഗീസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം കൂടുതൽ അന്വേഷണം നടത്തുന്നത്. ഷിജുവിന്റെ സാമ്പത്തിക സ്രോതസ്, ബാങ്കിടപാടുകൾ, ഫോൺ, കംപ്യൂട്ടർ തുടങ്ങിയവയിലെ സന്ദേശങ്ങളും അന്വേഷിച്ചുവരികയാണ്.
കെ പി സി സി ജനറൽ സെക്രട്ടറി പി.ജർമ്മിയാസ്, ആലപ്പുഴ മുൻ ഡി സി സി ഭാരവാഹിയും പ്രവാസി കോൺഗ്രസ് ഭാരവാഹിയുമായ ഷിഹാബുദീൻ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ ചാത്തന്നൂർ എസിപി.വൈ. നിസാമുദീന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തത്.
കുണ്ടറ നിയോജക മണ്ഡലത്തിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ സ്ഥാനാർഥിയായാണ് ഷിജു മത്സരിച്ചത്. നാമനിർദേശ പത്രികയിൽ പിന്താങ്ങാൻ കൊല്ലം പെരിനാട് സ്വദേശികളെ ഏർപ്പെടുത്തിയത് ജർമ്മിയാസ് ആയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ജർമ്മിയാസിനെ ചോദ്യം ചെയ്തതും മൊഴി രേഖപ്പെടുത്തിയതും.
അരൂർ നിയോജക മണ്ഡലത്തിൽ ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച നടി പ്രിയങ്കയെ ഉടൻ ചോദ്യം ചെയ്യുമെന്ന് എസിപി വൈ. നിസാമുദീൻ അറിയിച്ചു.പാർട്ടി ചെയർമാനും വ്യവസായിയുമായ മല്ലേലിൽ ശ്രീധരൻ നായർ ഉൾപ്പെടെ 25 ലധികം പേരെ പ്രത്യേക അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.
ദല്ലാൾനന്ദകുമാറിനോടും ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ബോംബാക്രമണ കേസിൽ റിമാൻഡിൽ ജയിലിൽ കഴിയുകയായിരുന്ന നാലാം പ്രതി ഷിജു വർഗീസിനും മൂന്നാം പ്രതിയും ഷിജുവിന്റെ മാനേജരുമായ ശ്രീകാന്ത് എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതായി പോലീസ് പറഞ്ഞു.