ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റിനെതിരേ ലൈംഗിക ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ ഒന്നല്ല ധാരാളം ഹാർവി വെയ്ൻസ്റ്റിൻമാരുണ്ടെന്നും അവർ എല്ലായിടത്തും ഉണ്ടെന്നുമായിരുന്നു പ്രിയങ്ക ചോപ്രയുടെ പ്രതികരണം. ഈ പ്രതികരണത്തിന് കൂടുതൽ ശക്തി നൽകുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്രയുടെ പുതിയ വെളുപ്പെടുത്തൽ.
ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനിടെ വളരെ മോശമായ ഒരു വസ്ത്രം ധരിക്കാൻ പ്രിയങ്കയോട് ഒരു പ്രമുഖ സംവിധായകൻ ആവശ്യപ്പെട്ടു.ലോകസുന്ദരിയെ കാമറയിലൂടെ കാണിക്കുന്പോൾ അവളുടെ ശരിക്കുള്ള ഭംഗി പുറത്തുകാണിച്ചില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം എന്നായിരുന്നു സംവിധായകന്റെ ചോദ്യം. എന്നാൽ ആ വസ്ത്രം ധരിക്കാൻ വിസമ്മതിച്ച പ്രിയങ്കയ്ക്ക് ആ കാരണത്താൽ സിനിമ ഇടയ്ക്കുവച്ച് ഉപേക്ഷിക്കേണ്ടിയും വന്നു. ഇതിന്റെ നഷ്ടപരിഹാരവും നൽകിയാണ് അന്ന് പ്രിയങ്ക ലൊക്കേഷൻ വിട്ടത്. എന്നാൽ പിന്നീട് ഈ സംവിധായകന്റെ ഇടപെടലിനെത്തുടർന്ന് പ്രിയങ്കയ്ക്ക് വന്ന 10 അവസരങ്ങൾ ബോളിവുഡിൽ നഷ്ടമായെന്ന് മധു ചോപ്ര പറയുന്നു.
17വയസുള്ളപ്പോഴാണ് പ്രിയങ്ക സിനിമയിൽ അഭിനയിച്ചു തുടങ്ങിയത്. അന്നുമുതൽ എല്ലാ ലൊക്കേഷനുകളിലും മധു ചോപ്രയും ഒപ്പം പോകുമായിരുന്നു. ഒരവസരത്തിൽ സംവിധായകന്റെ അടുക്കൽ കഥ കേൾക്കാൻ ചെന്നപ്പോൾ അമ്മയെ പുറത്തിരുത്തണമെന്നും തന്റെ ഒപ്പം ഒറ്റയ്ക്ക് മുറിയിലിരുന്ന് കഥകേൾക്കണമെന്നും ഒരു സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ അമ്മയ്ക്ക് കേൾക്കാൻ കഴിയാത്ത കഥ തനിക്ക് അഭിനയിക്കാനും കഴിയില്ല എന്നായിരുന്നു അന്ന് പ്രിയങ്ക നൽകിയ മറുപടി