കാണാതായ സന്ന്യാസികള്‍ നിരവധി! ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടവര്‍ അതിനേക്കാളേറെ; ബാബാ രാംദേവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ വെളിപ്പെടുത്തി എഴുത്തുകാരി പ്രിയങ്ക പതക്

വിവാദസന്ന്യാസികള്‍ അരങ്ങുതകര്‍ക്കുന്ന സമയമാണിപ്പോള്‍. അനുയായിയായ യുവതിയെ പീഡിപ്പിച്ച് കേസില്‍ ഗുര്‍മീത് റാം റഹിം അറസ്റ്റിലായതിന് പിന്നാലെയാണ് യോഗ ഗുരു ബാബ രാംദേവിന്റെ പഴയകാല ചരിത്രങ്ങള്‍ വിവരിക്കുന്ന ഒരു പുസ്തകം ചര്‍ച്ചയായിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകയായ പ്രിയങ്ക പതക് നരൈന്‍ രചിച്ച ഗോഡ്മാന്‍ ടു തൈക്കൂണ്‍-ദ അണ്‍ ടോള്‍ഡ് സ്റ്റോറി ഓഫ് ബാബ രാംദേവ് എന്ന പുസ്തകം നിരോധിക്കാനാണ് രാംദേവിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്. ശതകോടികളുടെ വിറ്റുവരവുള്ള പതഞ്ജലി വ്യവസായ സാമ്രാജ്യത്തിന്റെ വളര്‍ച്ചയില്‍ ബാബ രാംദേവിനൊപ്പം നിന്നവരുടെ ദുരൂഹ മരണങ്ങളും കാണാതാകലും പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

രാംദേവിന്റെ മാര്‍ഗദര്‍ശിയായിരുന്ന സ്വാമി ശങ്കര്‍ ദേവിനെക്കുറിച്ചാണ് പുസ്തകത്തില്‍ ആദ്യം പരാമര്‍ശിക്കുന്നത്. രാംദേവിന്റെ ദിവ്യ മന്ദിര്‍ ട്രസ്റ്റിന് കോടികള്‍ വിലയുള്ള ഭൂമി സംഭാവന ചെയ്തത് ശങ്കര്‍ ദേവ് ആയിരുന്നു. പെട്ടന്ന് ഒരു ദിവസം പ്രഭാത സവാരിക്കിടെ അദ്ദേഹത്തെ കാണാതായി. പിന്നീട് ഇതുവരെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. 2007 ജൂലൈയിലാണ് ശങ്കര്‍ ദേവിനെ കാണാതാകുന്നത്. സംഭവം നടക്കുമ്പോള്‍ രാംദേവ് വിദേശത്തായിരുന്നു. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തിയില്ല. സിബിഐ വരെ അന്വേഷിച്ചിട്ടും കേസ് തെളിയിക്കാനായില്ല. രാംദേവിന്റെ അടുത്ത സുഹൃത്തും ആയുര്‍വേദ രംഗത്ത് പ്രശസ്തനുമായിരുന്ന സ്വാമി യോഗാനന്ദ് ആണ് പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരാള്‍.

യോഗാനന്ദിന്റെ പേരിലുള്ള ലൈസന്‍സ് ഉപയോഗിച്ചാണ് രാംദേവ് ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കിയിരുന്നത്. 2003ല്‍ ബാബ ലൈസന്‍സ് കരാര്‍ റദ്ദാക്കി. ഒരു വര്‍ഷത്തിന് ശേഷം യോഗാനന്ദിനെ തന്റെ വസതിയില്‍ രക്തത്തില്‍ കുളിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലയാളികളെ കണ്ടെത്താനാവാതെ ആ കേസും അവസാനിച്ചു. യോഗാ ഗുരുവുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാജീവ് ദീക്ഷിത് എന്നയാളും ഇത്തരത്തില്‍ ദുരൂഹമായി കൊല്ലപ്പെട്ടു. രാംദേവിന്റെ സ്വദേശി മിഷന് നേതൃത്വം നല്‍കിയിരുന്നത് രാജീവ് ആയിരുന്നു. രാംദേവിന്റെ വ്യവസായ സാമ്രാജ്യം ഇന്ന് കാണുന്ന രൂപത്തില്‍ രൂപകല്‍പ്പന ചെയ്തതും ഇദ്ദേഹമായിരുന്നു. ബാബ കൂടി പങ്കെടുത്ത പൊതുപരിപാടിക്കിടെ വാഷ്റൂമില്‍ രാജീവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജീവിന്റെ മൃതദേഹത്തില്‍ നിറം മാറ്റം കണ്ടു തുടങ്ങിയതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടു.

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുവദിച്ചില്ല. അധികം വൈകാതെ മൃതദേഹം ഹിന്ദു ആചാര പ്രകാരം ദഹിപ്പിച്ചു. ദിവ്യ മന്ദിര്‍ ട്രസ്റ്റിന്റെ ചുമതലക്കാരനായിരുന്ന മഹാരാജ് കര്‍മ്മവീര്‍, ആസ്താ ചാനലിന്റെ സഹസ്ഥാപകന്‍ മേത്ത എന്നിവരും പിന്നീട് രാംദേവുമായി തെറ്റിപ്പിരിഞ്ഞു. രാംദേവിനൊപ്പം നില്‍ക്കുകയും പിന്നീട് അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകുകയും ചെയ്തവര്‍ നിരവധിയാണ്. ദുരൂഹ മരണങ്ങളും കാണാതാകലുകളും ഉള്‍പ്പെടെ ഇന്നും ഉത്തരം കിട്ടാത്ത നൂറുകണക്കിന് ദുരൂഹതകള്‍ രാംദേവിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ടെന്ന് പ്രിയങ്ക പതക് വെളിപ്പെടുത്തി. പുസ്തകത്തിനെതിരെ ബാബയുടെ അണികളും ബാബയും കോടതിയെ സമീപിച്ചിരിക്കുകയാണ്. പുസ്തകത്തിന്റെ വില്‍പ്പന നിരോധിക്കണമെന്നാണ് ആവശ്യം.

 

Related posts