ജാതിരാഷ്ട്രീയത്തിന്റെ പടക്കളമാണ് ഉത്തര്‍പ്രദേശ്. ലോക്സഭയോ നിയമസഭയോ തെരഞ്ഞെടുപ്പ് ഏതായാലും ആരു ഭരിക്കണമെന്ന് തീരുമാനിക്കുക അസംഖ്യം ജാതികളാണ്. ജാതിരാഷ്ട്രീയത്തില്നിന്ന് വിമോചിതമാകാത്ത യുപിയില്‍ പക്ഷേ ഇത്തവണ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് സൂചന. കാരണം മറ്റൊന്നുമല്ല, രണ്ടു പെണ്‍പുലികള്‍ പ്രിയങ്ക ഗാന്ധിയും ഡിംപിള്‍ യാദവും കളത്തിലിറങ്ങുമെന്നത് തന്നെ. പ്രിയങ്ക മലയാളികള്‍ക്കെല്ലാം സുപരിചിതയാണ്. എന്നാല്‍ ഡിംപിള്‍ അത്രയൊന്നും പ്രശസ്തയല്ല. ആരാണ് ഡിംപിളെന്നല്ലേ? മറ്റാരുമല്ല മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പ്രിയ പത്നി തന്നെ.
യുപിയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളവരാണ് പ്രിയങ്കയും ഡിംപിളും. അധികാര രാഷ്ട്രീയത്തോട് അകലം പാലിക്കുന്നവരാണെന്നതാണ് രണ്ടുപേരുടെയും സമാനത. കനൗജില്‍ നിന്നുള്ള എംപിയാണ് ഡിംപിള്‍. മാത്രമല്ല, അഖിലേഷ് യാദവിനെക്കാള്‍ സാധാരണക്കാര്‍ക്ക് പ്രിയങ്കരിയാണ് അവര്‍. ഇതുതന്നെയാണ് ബിജെപിയെ ആശങ്കയിലാക്കുന്ന പ്രധാന ഘടകവും. സാധാരണക്കാരായ വനിതാ വോട്ടര്‍മാരുടെ മനസിളക്കാന്‍ പ്രിയങ്ക-ഡിംപിള്‍ ദ്വയത്തിനായാല് യുപിയില്‍ താമര വാടുമെന്ന കാര്യത്തില്‍ സംശയമില്ല.
രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലെങ്കിലും പ്രിയങ്കയുടെ സ്റ്റാര്വാല്യുവിന് പിന്നിലാണ് രാഹുല്‍ ഗാന്ധി പോലും. ജനങ്ങളുമായി സംവദിക്കാന്‍ അവര്‍ക്കുള്ള കഴിവു തന്നെയാണ് ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിയെ വ്യത്യസ്തയാക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് മോദിയുടെ മുന്നില്‍ ചൂളിയ രാഹുലിനെ പ്രതിരോധിക്കാന്‍ പ്രിയങ്കയ്ക്കു കഴിഞ്ഞിരുന്നു. വ്യക്തമായ പ്ലാനിംഗോടെ തന്നെയാണ് പ്രിയങ്കയെ യുപിയില്‍ പ്രചാരണത്തിനിറക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.
അടുത്തിടെ രാഹുല്‍-അഖിലേഷ് കൂടിക്കാഴ്ച്ച നടന്നിരുന്നു. ഡിംപിളിനെയും പ്രിയങ്കയെയും ഒരുമിച്ച് പ്രചരണത്തിനിറക്കാമെന്ന ആശയം അഖിലേഷാണ് അന്ന് മുന്നോട്ടുവച്ചത്. ഉത്തരേന്ത്യന്‍ ധര്‍മപത്നിയുടെ പ്രതിച്ഛായയാണ് ഡിംപിളിനുള്ളത്. ഭര്‍ത്താവിന്റെ പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്ന ഭാര്യയായിട്ടാണ് സ്ത്രീവോട്ടര്‍മാര്‍ അവരെ കാണുന്നത്. അതുകൊണ്ട് തന്നെ ഡിംപിളിന്റെ പ്രവേശനം എതിരാളികള്‍ക്ക് തലവേദനയാകുമെന്നുറപ്പാണ്.