പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടി പ്രിയങ്ക ചോപ്രയും തമ്മിലുള്ള കൂടിക്കാഴ്ച സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജർമനിയിൽ വച്ചായിരുന്നു പ്രിയങ്ക മോദിയെ നേരിട്ട് കാണുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തത്. ഹോളിവുഡിലെ തന്റെ അരങ്ങേറ്റ ചിത്രമായ ബേ വാച്ചിന്റെ പ്രചാരണത്തിനാണ് പ്രിയങ്ക ബർലിനിലെത്തിയത്. ഇതേ സമയത്തു തന്നെ ജർമൻ സന്ദർശനത്തിന്റെ ഭാഗമായി മോദി അവിടെ ഉണ്ടായിരുന്നു.പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതു മുതൽ അഭിനന്ദനങ്ങൾക്ക് പുറമെ വിചിത്രമായ ഉപദേശങ്ങളും പ്രിയങ്കയെ തേടിയെത്തി.
പ്രധാനമന്ത്രിയെപ്പോലെ രാജ്യത്തെ പ്രമുഖ വ്യക്തികളെ കാണുന്പോൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് മോശമാണെന്നും കാലെങ്കിലും മറയ്ക്കാൻ ശ്രദ്ധിക്കണമായിരുന്നു എന്ന ഉപദേശങ്ങളും വിമർശനങ്ങളും വന്നു. ട്രോളുകൾക്കുമുണ്ടായില്ല പഞ്ഞം.എന്നാൽ, ഇപ്പോൾ ഈ ട്രോളുകൾക്ക് മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് പ്രിയങ്കയുടെ അമ്മ മധു ചോപ്ര. ഒരു ദേശീയ മാധ്യമത്തിലാണ് പ്രിയങ്കയുടെ അമ്മയുടെ മറുപടി. ബേ വാച്ചിന്റെ പ്രചാരണത്തിന് പുറത്ത് പോകാൻ തയാറായി നിൽക്കെ പെട്ടെന്നാണ് പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചത്. സാരി ധരിക്കാൻ രണ്ടു മിനിറ്റ് തരണമെന്ന് പ്രധാനമന്ത്രിയോട് അവൾക്ക് പറയാൻ കഴിയുമോ?
പ്രോട്ടോക്കോൾ ഓഫീസർ പറഞ്ഞു, ഇത്തരം കാര്യങ്ങളൊന്നും പ്രധാനമന്ത്രിക്കു പ്രശ്നമല്ല. അദ്ദേഹത്തിന് ഇല്ലാത്ത എതിർപ്പായിരുന്നു സോഷ്യൽ മീഡിയയ്ക്ക്- മധു ചോപ്ര പറഞ്ഞു. ഉപദേശങ്ങളും വിമർശനവും കടുത്തപ്പോൾ പ്രിയങ്ക നേരത്തേ തന്നെ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്ത് അതിന് മറുപടി നൽകിയിരുന്നു. ബെർലിനിലെ ഒരു പാർട്ടിയിൽ അമ്മയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് പ്രിയങ്ക പോസ്റ്റ് ചെയ്തത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാണ് പ്രിയങ്കയും അമ്മയും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. നീണ്ടതും മനോഹരവുമായ കാലുകൾ എന്നൊരു കുറിപ്പും അതോടൊപ്പം ചേർത്തിരുന്നു.