ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര തന്റെ പേരിനോടൊപ്പം ഭർത്താവും അമേരിക്കൻ നടനുമായ നിക് ജോനാസിന്റെ പേരു കൂടി ഒൗദ്യോഗികമായി ഉൾപ്പെടുത്താൻ ആലോചിക്കുന്നു. പ്രിയങ്ക ചോപ്ര ജോനാസ് എന്നായിരിക്കും പ്രിയങ്ക ഇനി അറിയപ്പെടാൻ പോകുന്നത്. നിക് ജോനസുമായുള്ള വിവാഹശേഷം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ താരം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് പേരു മാറ്റിയിരുന്നു.
ഭർത്താവിന്റെ പേര് തന്റെ പേരിനോടൊപ്പം ചേർക്കുന്നത് വലിയ അഭിമാനമായി കാണുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു. നിക്കിന്റെ പേര് എന്റെ പേരിനൊപ്പം ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഇപ്പോൾ ഒരു കുടുംബമാണ്. ഇതു പോലുള്ള കാര്യങ്ങളിൽ ഞാൻ കുറച്ച് പഴഞ്ചനും പാരന്പര്യ രീതി പിന്തുടരുന്ന ആളുമാണ്. പേര് മാറ്റം എന്റെ വ്യക്തിത്വത്തെ ഒരു തരത്തിലും മാറ്റില്ല. ഞാൻ എന്താണോ അതിനൊപ്പം ഒരാൾ കൂടിച്ചേർന്നു-പ്രിയങ്ക പറയുന്നു.
ഇരുവർക്കുമായി ഒരു ചെല്ലപ്പേരും പ്രിയങ്ക കണ്ടു വച്ചിട്ടുണ്ട്, പ്രിയങ്കയും നിക്കും ചേർത്ത് പ്രിക്ക്. ഇത് വ്യത്യസ്തമായ പേരാണെന്നാണ് താരം പറയുന്നത്. എന്നാൽ നിക്കിന് പേര് അത്ര പിടിച്ചിട്ടില്ലെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തന്റെ ഓർമക്കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക.
കരിയറിലും വിവാഹം വരെ എത്തി നിൽക്കുന്ന തന്റെ ജീവിതത്തിലെയും വിവിധ വികാരങ്ങളാണ് ഓർമക്കുറിപ്പുകളായെത്തുന്നത്. ഇതിൽ വളരെ ആവേശഭരിതയാണെന്നും പ്രിയങ്ക വ്യക്തമാക്കി.