അരൂര്‍: സിനിമാതാരം വോട്ടു ചോദിച്ചെത്തിയപ്പോള്‍ ജനങ്ങളുടെ മനസില്‍ സംശയം. വോട്ട് ചോദിക്കല്‍ സിനിമയുടെ ഭാഗമായിട്ടാണോ, അതോ ഏതെങ്കിലും മുന്നണിക്കു വേണ്ടിയാണോ.
ഞാനും അരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. ടെലിവിഷന്‍ ചിഹ്നത്തില്‍ എനിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്നു ചലച്ചിത്രനടി പ്രിയങ്ക പറഞ്ഞപ്പോഴാണ് സംശയങ്ങള്‍ക്കു വിരാമമായത്.
സിനിമ -ടിവി താരമായ പ്രിയങ്ക തന്റെ യഥാര്‍ഥ പേരായ കെ.എന്‍. അംബിക എന്ന പേരിലാണ് കന്നിയങ്കത്തിനു വന്നിരിക്കുന്നത്.
ഇതോടെ അരൂര്‍ മണ്ഡലത്തില്‍ നാലുവനിതകള്‍ ഉള്‍പ്പെടെ ഒമ്പതു പേരാണ് മത്സരരംഗത്തുള്ളത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് പ്രിയങ്ക മത്സരിക്കുന്നത്.
മല്ലേലി ശ്രീധരന് നായരും മഞ്ചേരി ഭാസ്കന്പിള്ളയും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അടുത്തിടെ രൂപീകരിച്ച ഡിഎസ്ജെപി ഇക്കുറി 12 സീറ്റില്‍ മത്സരിക്കുന്നുണ്ട്.
ദാരിദ്ര്യത്തിന് ജാതിയില്ലെന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് തനിക്ക് സ്ഥാനാര്‍ഥിയാകാന്‍ പ്രചോദനമെന്നും എതിരാളികള്‍ ശക്തരായ വനിതകളാണെങ്കിലും ജനം തന്നെ സ്വീകരിക്കുമെന്നുമാണ് നടിയുടെ വിശ്വാസം.
പ്രചാരണം തുടങ്ങാന്‍ വൈകിയെങ്കിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം തനിക്ക് വളരെ വേഗം എത്താന്‍ സാധിച്ചെന്നും പ്രിയങ്ക.