കായംകുളം: റോഡ്ഷോയിൽ പങ്കെടുക്കാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിന്റെ പുതുപ്പള്ളി ദേവികുളങ്ങരയിലെ വീട്ടിൽ അപ്രതീക്ഷിതമായി എത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി.
റോഡ് ഷോയിൽ മാത്രം പങ്കെടുക്കുമെന്ന് മുൻകൂട്ടി അറിയിച്ച പ്രിയങ്ക ഗാന്ധി കായംകുളത്തെത്തിയപ്പോൾ അരിതയുടെ വീട് സന്ദർശിക്കണമെന്നും മാതാപിതാക്കളെ കാണണമെന്നും ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
ദേവികുളങ്ങര -പുതുപ്പള്ളി ഗ്രാമീണ റോഡിലൂടെ അതീവ സുരക്ഷയിൽ പ്രിയങ്കയുടെ വരവ് നാട്ടുകാരിലും ആവേശം ഉയർത്തി. അപ്രതീക്ഷിത സന്ദർശനം ആയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരും ഞെട്ടി.
പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്നും സംസ്ഥാനത്തെ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാർഥിയാണ് അരിത.