നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത് സാധാരണ വിഷയമാണ്. എന്നാൽ അതൊരു നടിയുടെ പേരിൽ നടക്കുന്നത് ആദ്യസംഭവമായിരിക്കും. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് കഥയിലെ നായിക. ആസാം നിയമസഭയിലാണ് പ്രിയങ്ക ചോപ്ര വില്ലത്തിയായത്.
സംഭവം ഇങ്ങനെയാണ്, നടി പ്രിയങ്ക ചോപ്ര ആസാം ടൂറിസം ബോർഡിന്റെ ബ്രാൻഡ് അംബാസഡർ കൂടിയാണ്. ആസാമിന്റെ വിനോദസഞ്ചാരരംഗത്തെ പ്രമോഷന് വേണ്ടി പ്രിയങ്കയുടെ പർപ്പിൾ പെപ്പിൾ പിക്ചേഴ്സുമായാണ് ടൂറിസം ബോർഡ് കരാർ ഒപ്പിട്ടത്. പ്രമോഷൻ പരിപാടിയുടെ ഭാഗമായി ഓസം ആസാം എന്ന പേരിൽ ഒരു വീഡിയോയും പ്രിയങ്കയും സംഘവും പുറത്തിറക്കി.
ഇതാണ് സകല പൊല്ലാപ്പിനും കാരണമായത്. പ്രതീക്ഷിച്ച പോലെ ഈ വീഡിയോ ക്ലിക്കായില്ല.ഫ്ളോപ്പാവുകയും ചെയ്തു. പ്രിയങ്കയുടെ കന്പനിയുമായി സർക്കാർ ഉണ്ടാക്കിയ കരാറിനെ നിയമസഭയിൽ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രിയങ്കയുമായി രണ്ട് വർഷത്തെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി ഹിമന്ത ബിശ്വ ശർമ്മ സഭയിൽ വിശദീകരിച്ചു. കരാറിന്റെ കാലാവധി വിശദീകരിച്ച മന്ത്രി പക്ഷേ എത്ര രൂപയ്ക്കാണ് നടിയുമായി കരാറുണ്ടാക്കിയതെന്ന് സഭയിൽ പറഞ്ഞില്ല. പണം വാങ്ങാതെയാണ് പ്രിയങ്ക പ്രചാരണം നടത്തുന്നതെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
വ്യക്തത ആവശ്യപ്പെട്ട് സഭയിൽ വാക്ക് തർക്കം തുടങ്ങി. 2.37 കോടി രൂപയാണ് പ്രിയങ്കയുടെ കന്പനിക്ക് നൽകിയതെന്ന് മന്ത്രി പിന്നീട് അറിയിച്ചു. പ്രിയങ്കയുടേയും സംഘത്തിന്റെയും ആസാം സന്ദർശനത്തിന് ടൂറിസം വകുപ്പ് പൊടിച്ചത് 42 ലക്ഷം രൂപയാണെന്നും മന്ത്രി സഭയെ അറിയിച്ചു. ബിജെപി സർക്കാർ പൊതുജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ തടസപ്പെടുത്തുക വരെ ചെയ്തു.