‘നിര്ഭയ’ ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഒരു ഗദ്ഗധമാണ് ആ പേര്. 2012 ഡിസംബര് പതിനാറ് എന്ന ആ രാത്രി കണ്ണീര് കലര്ന്നൊരു ദിവസവും. സ്വപ്നങ്ങളും പ്രതീക്ഷകളുമായി യൗവനം ആഘോഷിച്ചു നടക്കേണ്ടിയിരുന്ന പ്രായത്തില് അവള് കൂട്ടമാനഭംഗത്തിനിരയായ ദിവസം. ഒടുവില് അവള് ഡിസംബര് 29ന് യാതനകളില്ലാത്ത ലോകത്തേക്ക് അവള് പോയ്മറഞ്ഞു. ഒരു പക്ഷേ നിര്ഭയ എന്ന് രാജ്യം വിളിച്ച ആ പെണ്കുട്ടി മരണക്കിടക്കയിലും പോരാട്ടവീര്യത്തിന്റെ പ്രതീകമായി മാറി. അന്നുതൊട്ട് പ്രതികളുടെ വധശിക്ഷയ്ക്കു വേണ്ടി മുറവിളി കൂട്ടുന്നവരാണ് രാജ്യത്തുള്ള ഭൂരിഭാഗം ആളുകളും. കഴിഞ്ഞ ദിവസം സുപ്രീംകോടതി പ്രതികളുടെ വധശിക്ഷ ശരിവച്ചപ്പോള് അതിനെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും ഉണ്ടെങ്കിലും, നടി പ്രിയങ്ക ചോപ്ര ഈ വിധി സന്തോഷം പകരുകയാണ്.
വധശിക്ഷ ശരിവച്ച കോടതിവിധിയില് താന് അഭിമാനിക്കുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. ” അതെ, നീണ്ട അഞ്ചുവര്ഷങ്ങള്ക്കൊടുവില് നീതി ലഭിച്ചിരിക്കുകയാണ്. ഈ വിധിയുടെ നാളം ക്രൂരന്മാരായ ആ നാലുപേരെ മാത്രമല്ല തകര്ക്കുന്നത്, ഇത്തരത്തില് അതിക്രമിക്കാന് തയ്യാറെടുക്കുന്നവരെക്കൂടിയാണ്. അവളുടെ ശബ്ദം കേട്ട നീതിപീഠത്തെയോര്ത്ത് ഞാന് അഭിമാനിക്കുന്നു. മരണക്കിടക്കയിലും തന്നെ ആക്രമിച്ചവരെ വെറുതെ വിടരുതെന്നാണ് അവള് പറഞ്ഞത്. അഞ്ചു വര്ഷം മുമ്പ് രാജ്യം മുഴുവന് ആവശ്യപ്പെട്ട നീതിയാണത്. ഓരോ ചുണ്ടുകളും ഒന്നിച്ചണിചേര്ന്ന് കര്ക്കശവും വ്യക്തവുമായി പറഞ്ഞു: ആറുപേരും ശിക്ഷിക്കപ്പെടണം എന്ന്.
21ാം നൂറ്റാണ്ടിലെ പരിഷ്കൃത സമൂഹമായ നമ്മള് സ്ത്രീകള്ക്കെതിരെ നടക്കുന്ന ഇത്തരം അതിക്രമങ്ങളെ ഒരിക്കലും അനുവദിച്ചുകൂടാ. നടന്നതിന്മേല് ഇനിയൊന്നും ചെയ്യാനാവില്ല, അതുകൊണ്ട് നാം നമ്മളോടുതന്നെ ഒരു സത്യം ചെയ്യേണ്ടതുണ്ട്. ഒരു രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായി നീതിക്കുവേണ്ടി ശബ്ദമുയര്ത്തുമ്പോള് നീതി വേഗം നടപ്പാക്കുക തന്നെവേണം. സുപ്രീം കോടതി പറഞ്ഞതുപോലെ, ഈ ഉണര്വ്, ഇത്തരം ക്രൂരതകള്ക്കെതിരെയുള്ള ഒറ്റക്കെട്ടായ ശബ്ദം, ഇത് നമ്മുടെ നാടിനു ഒരു പുതിയ തിരിച്ചറിവാകണം. നാം ഒരിക്കലും നിശബ്ദതയിലാകരുത്.
നീ എന്നെന്നും ഓര്മകളിലുണ്ടായിരിക്കും നിര്ഭയാ…” ഇങ്ങനെയാണ് ബോളിവുഡ് താരത്തിന്റെ വാക്കുകള്. പ്രതികളുടെ വധശിക്ഷ ശരിവച്ച നടപടിയെ അനുകൂലിച്ച് പല ബോളിവുഡ് താരങ്ങളും പോസ്റ്റുകള് ഇട്ടിട്ടുണ്ട്.