ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് പ്രിയങ്ക ചോപ്ര. താരകുടുംബത്തിന്റെ ലേബലൊന്നുമില്ലാതെ സിനിമാ ലോകത്ത് സ്വന്തമായാരു ഇരിപ്പിടം കണ്ടെത്തിയ താരം.
ബോളിവുഡിലെ സൂപ്പര്‍ നായികയായ ശേഷമാണ് പ്രിയങ്ക ഹോളിവുഡിലെത്തുന്നത്. പ്രിയങ്കയ്ക്ക് മുമ്പും പലരും ബോളിവുഡില്‍നിന്നും ഹോളിവുഡിലേക്ക് ചേക്കേറാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവരെല്ലാം പരാജയപ്പെട്ട് തിരികെ വന്നു.
എന്നാല്‍ പ്രിയങ്ക ഹോളിവുഡിലും തനിക്കായൊരു ഇരിപ്പിടം കണ്ടെത്തി. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര.
ഹോളിവുഡില്‍ തന്റെ സ്ഥാനം ഉറപ്പിച്ച ശേഷം, എന്തുകൊണ്ടാണ് താന്‍ ബോളിവുഡ് വിടാന്‍ തീരുമാനിച്ചതെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞിരിക്കുന്നു.
ബോളിവുഡിലെ സ്വജനപക്ഷപാതവും ഗ്രൂപ്പിസവുമൊക്കെയാണ് എന്റെ ചുവടുമാറ്റത്തിനുള്ള കാരണം. ബോളിവുഡില്‍ എന്നെ ഒരു കോര്‍ണറിലേക്ക് തള്ളി മാറ്റുകയായിരുന്നു. എന്നെ ആരും കാസ്റ്റ് ചെയ്യുന്നില്ല.
ആളുകളുമായി ഭിന്നതകളുണ്ടായി. ഞാന്‍ ഗെയിമുകള്‍ കളിക്കുന്നതില്‍ മികവുള്ളവളല്ല. ആ പൊളിറ്റിക്സില്‍ ഞാന്‍ തളര്‍ന്നു പോയി. എനിക്കൊരു ഇടവേള വേണമായിരുന്നു.
സംഗീതമാണ് എനിക്ക് ലോകത്തിന്റെ മറ്റൊരു വശത്തേക്ക് കടക്കാനുള്ള അവസരം നല്‍കിയത്. കിട്ടാത്ത സിനിമകളോടുള്ള ആഗ്രഹമായിരുന്നില്ല. എനിക്ക് ചിലരുടെ സംഘങ്ങളെ ഒഴിവാക്കണമായിരുന്നു. അതിനാല്‍ ഈ അവസരം വന്നപ്പോള്‍ ഞാന്‍ ഇതെല്ലാം ഇട്ടിട്ട് പോകാന്‍ തീരുമാനിച്ചു.
ബോളിവുഡിലെ എന്റെ വിജയം പലരെയും അസ്വസ്ഥരാക്കി. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്നത്. എന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്.
എന്റെ ജോലി തട്ടിയെടുക്കാന്‍ നോക്കി. ഞാന്‍ നന്നായി ചെയ്യുന്നുവെന്നത് കൊണ്ട് മാത്രം എന്നെ കാസ്റ്റ് ചെയ്യാതിരിപ്പിക്കാന്‍ അവര്‍ നോക്കി. ആറ് സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ ഞാന്‍ ഭയന്നു. കാരണം ഞാനൊരു നെപ്പോ കിഡ് അല്ല. എനിക്ക് അവരെപ്പോലെ വലിയൊരു പിന്തുണ കിട്ടുന്നില്ല. അവര്‍ തലമുറകളായി അഭിനേതാക്കളാണ്.
അവര്‍ക്ക് വരുമ്പോള്‍തന്നെ ഒരുപാട് അവസങ്ങള്‍ കിട്ടും. പക്ഷെ പുറത്തു നിന്നും വരുന്നവരുടെ അവസ്ഥ അതല്ല. നമ്മളുടെ അവസാനത്തെ ചിത്രം പരാജയപ്പെട്ടുവെന്ന് കരുതി നമ്മളുടെ അമ്മാവന് വന്ന് സിനിമ എടുത്ത് തരില്ലല്ലോ? പൊരുതി വേണം നേടാന്‍- പ്രിയങ്ക വ്യക്തമാക്കി.