സെബി മാളിയേക്കൽ
ഇരിങ്ങാലക്കുട: ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ധീരദേശാഭിമാനികൾ ദേശീയ പതാക ഉയർത്തിയ, നിരവധി സമരങ്ങളിലൂടെ ചരിത്രത്തിൽ ഇടംനേടിയ അയ്യങ്കാവ് മൈതാനം ഒരിക്കൽകൂടി ചരിത്രനിമിഷത്തിനു സാക്ഷിയായി.
1987ൽ പിതാവ് രാജീവ് ഗാന്ധി പ്രസംഗിച്ച അതേ വേദിയിൽ മകൾ പ്രിയങ്കയെത്തിയപ്പോൾ ആയിരങ്ങൾ ആരവംമുഴക്കി “പ്രിയങ്കഗാന്ധി സിന്ദാബാദ്; ഇന്ത്യൻ നാഷണൽ കോൺഗ്രസ് സിന്ദാബാദ്’.
ചാലക്കുടിയിൽനിന്നും റോഡ് മാർഗം ഇരിങ്ങാലക്കുടയിൽ പ്രിയങ്കയെത്തിയപ്പോഴേക്കും ഒരുമണിയോടടുത്തിരുന്നു.
മീനച്ചൂടിനെ അവഗണിച്ച് ആയിരങ്ങൾ കാത്തുനിന്നു. പൈലറ്റ് വാഹനങ്ങൾ മൈതാനവഴിയിലേക്കു തിരിഞ്ഞതോടെ “ഇന്ത്യൻ രാഷ്ട്രീയത്തിലെ പുത്തൻ സൂര്യതേജസ്… എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇതാ അയ്യങ്കാവ് മൈതാനിയിലേക്ക്…’ എന്ന അനൗൺസ്മെന്റ് അന്തരീക്ഷത്തിലുയർന്നു.
കൈകൾ വീശി, നിറപുഞ്ചിരിയോടെ വേദിയിലെത്തിയ പ്രിയ നേതാവിനെ ആർപ്പുവിളികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. ഒപ്പം നേതാക്കൾ ഷാളുകളും അണിയിക്കുന്നുണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാർഥികളായ തോമസ് ഉണ്ണിയാടനും (ഇരിങ്ങാലക്കുട), ശോഭ സുബിനും (കയ്പമംഗലം) വോട്ടഭ്യർഥിക്കാനാണ് ഇവിടെ എത്തിയതെന്നതിൽ സന്തോഷമുണ്ട്.
നിങ്ങളെ കാണാൻ കഴിഞ്ഞതിനാലും എന്റെ മകൾക്കു കോളജ് അഡ്മിഷൻ ഇന്നു ലഭിച്ചതിനാലും ഇന്നത്തെ ദിനം വളരെ നല്ലതാണെന്നു പറഞ്ഞു തുടങ്ങിയ ഇന്ദിരയുടെ ചെറുമകൾ നിമിഷങ്ങൾക്കുള്ളിൽ സദസിനെ കൈയിലെടുത്തു.
“സ്ഥാനാർഥി ശോഭ സുഭിൻ ഇളം പ്രായത്തിലേ തനിക്കു നഷ്ടപ്പെട്ട അമ്മ ശോഭയുടെ പേര് തന്റെ പേരിനോടുകൂട്ടിച്ചേർത്തത് കേരളത്തിൽ സ്ത്രീകൾക്കു ലഭിക്കുന്ന ബഹുമാനത്തിന്റെ പ്രതീകമാണ്.
കേരളത്തെക്കുറിച്ച് ഇവിടത്തെ ജനങ്ങളെക്കുറിച്ച്, സംസ്കാരത്തെക്കുറിച്ച് ഞാൻ ആദ്യം അറിയുന്നത് എന്റെ എൽപി സ്കൂൾ കാലത്താണ്. അന്ന് എന്നെ പഠിപ്പിച്ച കന്യാസ്ത്രീ ഒരു മലയാളിയായിരുന്നു.
പിന്നീട് മുത്തശ്ശി ഇന്ദിരാജിയുടെ അകാലവിയോഗം ഞങ്ങളെ ആകെ തളർത്തി. ഞങ്ങളുടെ സ്കൂൾ വിദ്യാഭ്യാസം വീട്ടിൽ ഏകാംഗ അധ്യാപികയിലേക്കൊതുങ്ങി. അവരെനിക്ക് ടീച്ചറായിരുന്നില്ല, അമ്മയെപ്പോലെയായിരുന്നു.
ആ അമ്മയും ഒരു മലയാളിയായിരുന്നു. അവരാണ് സത്യത്തിന്റെ വഴി ബുദ്ധിമുട്ടുള്ളതും മുള്ളുകൾ നിറഞ്ഞതുമാണെന്ന് എന്നെ പഠിപ്പിച്ചത്. തെറ്റിന്റെ വഴി സുഖമുള്ളതാണ്.
എത്രമാത്രം സഹനങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നാലും നാം സത്യത്തിന്റെയും നന്മയുടെയും വഴി പിൻതുടരണമെന്ന നിശ്ചയദാർഢ്യം എന്റെ മനസിൽ അങ്കുരിപ്പിച്ചത് ഈ ടീച്ചറമ്മയാണ്.
ഇവിടത്തെ മതങ്ങൾ, ആഘോഷങ്ങൾ, ഭൂമി, പൈതൃകം, സംസ്കാരം, വ്യവസായം എന്നിവയെക്കുറിച്ചെല്ലാം അങ്ങനെയാണു ഞാൻ കേട്ടറിഞ്ഞതും പഠിച്ചതും.
മലയാളിയുടെ തനിമയെന്നതു സ്വഭാവമഹിമയാണ്. കഠിനാധ്വാനം, നിശ്ചയദാർഢ്യം, വിശ്വസ് തത, വിവേകം, ബുദ്ധി, അതിലുപരി നന്മയുടെ വഴിയിലൂടെ പോകാനുള്ള പ്രതിബദ്ധത എന്നിവ ഇന്ത്യാ മഹാരാജ്യത്തിലെ മുഴുവൻ സംസ്ഥാനങ്ങൾക്കും മാതൃകയാണ്’.
സ്ത്രീ ശക്തീകരണത്തിനുതകുന്ന നിരവധി പദ്ധതികൾ യുഡിഎഫ് പ്രകടനപത്രികയിലുണ്ടെന്ന് ഓരോന്നും എടുത്തുപറഞ്ഞാണ് അവരുടെ പ്രസംഗം കത്തിക്കയറിയത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അഴിമതിയും പൊള്ളത്തരവും തുറന്നുകാട്ടാനും അവർ മറന്നില്ല.
കൈകൾ വീശി വേദിയിൽ നിന്നിറങ്ങി കാറിൽ കയറി അവർ യാത്രയാകുന്പോൾ ത്രിവർണ സാരിയുടുത്ത വയോധികരായ പ്രവർത്തകർ പറയുന്നതു കേട്ടു: ഇന്ദിരാഗാന്ധിയെ നേരിട്ടുകണ്ടപോലെ.