നിയാസ് മുസ്തഫ
ഞാനൊരു സംഭവമാണെന്നു പറഞ്ഞ് പുറമേ മേനി നടിച്ച് നടക്കാൻ പ്രിയങ്ക ഗാന്ധിയെ കിട്ടില്ല. മെഗാറാലികളിലോ പൊതുയോഗങ്ങളിലോ അണികളെ ആവേശത്തിലാക്കുന്ന ‘ക്രൗഡ് പുള്ളറാ’കാനും പ്രിയങ്ക ഇല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തീരെ താല്പര്യമില്ല.
പ്രിയങ്കയുടെ പ്രവർത്തനം മുൻനിര നേതാക്കളാരും അധികം ഇറങ്ങിച്ചെല്ലാത്ത മേഖലയിലാണ്. പാർട്ടിയുടെ അടിത്തട്ടിൽ. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ബലഹീനത അടിത്തട്ടിലെ പ്രവർത്തനം കാര്യക്ഷമമല്ലായെന്നതാണ്. ഇത് തിരിച്ചറിഞ്ഞതോടെയാണ് പ്രിയങ്ക കളം മാറ്റിയത്.
ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തുക. ചെറിയ ചെറിയ കുടുംബയോഗങ്ങളിൽ പങ്കെടുക്കുക. നാട്ടുപ്രമാണിമാരെ കൂടെ നിർത്തുക. താഴേത്തട്ടിൽ വീടു വീടാന്തരം കയറിയിറങ്ങി കോൺഗ്രസിന്റെ വോട്ട് ഉറപ്പിക്കുക. തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്രദേശങ്ങളിൽവരെ എത്തിയെന്ന് ഉറപ്പുവരുത്തുക.
ബിജെപി സർക്കാരിന്റെ ജനദ്രോഹ നയ ങ്ങൾ വോട്ടർമാരെ പറഞ്ഞ ുമനസിലാ ക്കു ക. വോട്ടെടുപ്പ് ദിവസം പരമാവധി വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക തുടങ്ങി അടിത്തട്ടിൽ അതിശക്തമായ പ്രവർത്തനത്തിന് നേതൃത്വം നൽകാനാണ് പ്രിയങ്കയുടെ തീരുമാനം.
എഐസിസി ജനറൽ സെക്രട്ടറി സ്ഥാനവും കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയും ഏറ്റെടുത്ത് പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതോടെ രാജ്യത്തെങ്ങും കോൺഗ്രസിന് അനുകൂല തരംഗമുണ്ടായി എന്നാണ് വിലയിരുത്തൽ.
പത്തുലക്ഷം പുതിയ പ്രവർത്തകർ കോൺഗ്രസിൽ ചേർന്നതായി ദേശീയ നേതൃത്വം പറയുന്നു. ഇതിൽ രണ്ടുലക്ഷം പേർ ഉത്തർപ്രദേശിൽ നിന്നാണെന്നതാണ് ഏറെ ശ്രദ്ധേയം. ഇത് പ്രിയങ്കയുടെ പ്രവർത്തനം താഴേത്തട്ടിൽ ഫലപ്രാപ്തിയിലാകുന്നുവെന്നതിന്റെ സൂചനയാണ് കാണിക്കുന്നത്.
അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടായെന്ന നിലപാടിൽ പ്രിയങ്ക ഗാന്ധി ഉറച്ചുനിൽക്കുകയാണ്. പ്രിയങ്ക മത്സരിക്കുന്നതിനോട് രാഹുൽഗാന്ധിക്കും സോണിയ ഗാന്ധിക്കും അത്ര കണ്ട് താല്പര്യമില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉത്തർപ്രദേശിൽ പ്രിയങ്കയെ ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ ആഗ്രഹമെന്നാണ് സൂചനകൾ.
ഫൂൽപൂരിൽ പ്രിയങ്ക മത്സരിച്ചേക്കുമെന്ന തരത്തിൽ അഭ്യൂഹം ഉയർന്നിരുന്നു. കോണ്ഗ്രസിന്റെ അലാഹാബാദ് കമ്മിറ്റി പ്രിയങ്ക ഫൂൽപൂരിൽ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.
ബിജെപിയുടെ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമാണ് ഫൂൽപൂർ.