ഗോഹട്ടി: ആസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിൽ ദർശനം നടത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ലഖിപുരിലെ തേയിലത്തോട്ടം തൊഴിലാളികൾക്കൊപ്പം നൃത്തം ചെയ്തും മധുരം പങ്കിട്ടും ആസാമിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ടു.
വെളുപ്പും ചുവപ്പും സാരികളുടുത്ത പെൺകുട്ടികൾ പ്രിയങ്കയുടെ കൈകൾ പിടിച്ച് ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.
ഝുമൂർ നൃത്തം ഐശ്വര്യം കൊണ്ടുവരുമെന്നാണ് ആദിവാസികളുടെ വിശ്വാസം. ഇതാദ്യമായാണ് താൻ കാമാഖ്യക്ഷേത്രം സന്ദർശിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
തൊഴില്ലായ്മയ്ക്കെതിരേ കോൺഗ്രസ് സംഘടിപ്പിച്ച പ്രചാരണപരിപാടികളുടെ ഭാഗമായി ബിശ്വനാഥ് ജില്ലയിലെ തേയിലത്തോട്ടം തൊഴിലാളികളുമായി പ്രിയങ്ക ചർച്ച നടത്തും. തുടർന്ന് 16-ാം നൂറ്റാണ്ടിലെ വൈഷ്ണവ സന്യാസി മാധവദേബിന്റെ ലടേകു പുഖുരിയിലുള്ള ജന്മസ്ഥലം സന്ദർശിക്കും.
ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട്(ബിപിഎസ്) എൻഡിഎ വിട്ട് കോൺഗ്രസിന്റെ മഹാസഖ്യത്തിൽ ചേരുന്നുമെന്നു പ്രഖ്യാപിച്ചതു കഴിഞ്ഞദിവസമാണ്. രണ്ടു ദിവസത്തെ സന്ദർശനത്തിന് ആസാമിലെത്തിയ പ്രിയങ്ക ഇന്നു ഡൽഹിക്കു മടങ്ങും.
ഫെബ്രുവരി 14ന് അപ്പർ ആസാമിലെ ശിവസാഗറിൽ കോൺഗ്രസ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പു റാലിയിൽ രാഹുൽഗാന്ധി പങ്കെടുത്തിരുന്നു. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ തീയതികളിൽ മൂന്നുഘട്ടമായാണ് ആസാമിൽ തെരഞ്ഞെടുപ്പ്.
പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പറയാന്‍ ധൈര്യമുണ്ടോ? ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി
ലഖിംപുർ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നു പറയുന്ന ബിജെപിക്ക് ആസാമിൽ അതേക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ലെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. സിഎഎയെക്കുറിച്ച് സംസാരിക്കാൻ പോലും ആസാം ജനത അനുവദിക്കില്ല.
കോൺഗ്രസും ആറു മറ്റു കക്ഷികളും ഉൾപ്പെടുന്ന മഹാസഖ്യം തെരഞ്ഞെടുപ്പിനുശേഷം ആസാമിൽ സർക്കാർ രൂപവത്കരിക്കും- പ്രിയങ്ക പറഞ്ഞു. രണ്ടു ദിവസത്തെ തെരഞ്ഞടുപ്പു പ്രചാരണത്തിന് ആസാമിലെത്തിയ പ്രിയങ്ക ഗോഹട്ടിയിലെ നീലാചൽ മലയിലുള്ള കാമാഖ്യ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി.
പ്രിയങ്ക ഇന്നു ഡൽഹിക്കു മടങ്ങും. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഫെബ്രുവരി 14ന് അപ്പർ ആസാമിലെ ശിവസാഗറിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തിരുന്നു.