തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണാർത്ഥം പ്രിയങ്കാ ഗാന്ധി കേരളത്തിൽ.രാവിലെ 10.50ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രിയങ്കാഗാന്ധി ഹെലികോപ്ടർ മാർഗം കായംകുളം, കൊല്ലം എന്നീ സ്ഥലങ്ങളിൽ പ്രചാരണം നടത്തിയ ശേഷം വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് മടങ്ങിയെത്തും.
തിരുവനന്തപുരം ജില്ലയിലെ ആദ്യയോഗം വെഞ്ഞാറമൂട്ടിലാണ്. വർക്കല, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് വെഞ്ഞാറമൂട്ടിലെ യോഗത്തിൽ പ്രിയങ്ക വോട്ട് അഭ്യർത്ഥിച്ച് സംസാരിക്കുന്നത്.
4.40ന് കാട്ടാക്കടയിലെ പൊതുസമ്മേളനത്തിൽ വച്ച് അരുവിക്കര, കാട്ടാക്കട, പാറശാല മണ്ഡലങ്ങളിലെ ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ട ി വോട്ട് അഭ്യർത്ഥിക്കും. വൈകുന്നേരം 5.20ന് പൂജപ്പുരയിൽ ഹെലികോപ്ടർ മാർഗം എത്തും.
നേമം, തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് വേണ്ട ി വോട്ട് അഭ്യർത്ഥിക്കുന്നതിനായി റോഡ് ഷോ നടത്തും. കരമന, കിള്ളിപ്പാലം, പൂന്തുറ, വലിയതുറ പ്രദേശങ്ങളിലൂടെയാണ് റോഡ് ഷോ കടന്നു പോകുന്നത്.
ആറു മണിക്ക് വലിയതുറയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി സംസാരിക്കും. രാത്രി സ്വകാര്യ ഹോട്ടലിൽ തങ്ങിയ ശേഷം നാളെ രാവിലെ എറണാകുളം, തൃശൂർ ജില്ലകളിൽ പ്രചാരണത്തിന് പോകും.