ഭോപ്പാൽ: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരേ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
അസഭ്യവും അസഹനീയവുമായ ഇത്തരം പരാമർശങ്ങളും ധിക്കാരപരമായ വാക്കുകളും മധ്യപ്രദേശും രാജ്യവും ഒരിക്കലും പൊറുക്കില്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. എക്സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരുന്നപ്പോൾ ഏതു പ്രവർത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല‘ എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിവാദ പരാമർശം. അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ സാങ്കൽപ്പികവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ചൗഹാൻ ഉന്നയിക്കുന്നതെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു.
സിന്ധ്യയെ രാവണന്റെ സഹോദരൻ “വിഭീഷണൻ’ എന്നാണ് ചൗഹാൻ നേരത്തെ വിശേഷിപ്പിച്ചിരുന്നതെന്നും കമൽനാഥ് ചൂണ്ടിക്കാട്ടി.