സ്വന്തം ലേഖകൻ
ന്യൂഡൽഹി: കഴിഞ്ഞ ദിവസത്തെ ഹത്രാസ് യാത്ര തടഞ്ഞ യുപി പോലീസിനെ വീണ്ടും മറികടക്കാൻ ഇറങ്ങിയ രാഹുൽ ഗാന്ധിക്ക് ഇന്നലെ സാരഥിയായതു സഹോദരി പ്രിയങ്ക ഗാന്ധി.
ഇന്നലെ കോണ്ഗ്രസ് എംപിമാർ അടക്കമുള്ള വലിയ സംഘവുമായി ഡൽഹിയിൽ നിന്ന് യുപിയിലേക്കു പുറപ്പെട്ട രാഹുലും മറ്റു രണ്ട് എംപിമാരും സഞ്ചരിച്ച കാർ ഓടിച്ചത് പ്രിയങ്ക.
വെള്ളി നിറത്തിലുള്ള ഇന്നോവ കാർ ഡൽഹി-യുപി അതിർത്തിയിൽ എത്തുന്പോൾ പ്രതിരോധം തീർത്ത് യുപി സർക്കാരിന്റെ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
അതിനിടെ കോണ്ഗ്രസ് പ്രവർത്തകർ കൂട്ടമായി സ്ഥലത്തേക്കെത്തിയതോടെ പ്രിയങ്കയ്ക്കു കാറുമായി മുന്നോട്ടു നീങ്ങാനായില്ല. തുടർന്ന് രാഹുലും പ്രിയങ്കയും പുറത്തിറങ്ങി പ്രവർത്തകരോടു സംസാരിച്ചു.
കോണ്ഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയപ്പോൾ സ്വയം കവചമായി നിന്ന് രക്ഷിക്കുന്ന പ്രിയങ്കയുടെ ദൃശ്യവും പിന്നീട് പുറത്തു വന്നു.
ഒടുവിൽ പ്രിയങ്കയും രാഹുലും അടക്കം അഞ്ച് എംപിമാർക്ക് ഹത്രാസിലേക്ക് പോകാൻ അനുമതി ലഭിച്ചു. രാഹുലിനെ അരികിലിരുത്തി പ്രിയങ്ക കാറോടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.