നിയാസ് മുസ്തഫ
ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യമെങ്ങും കോൺഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാൻ പ്രിയങ്ക ഗാന്ധി മത്സരരംഗത്തേക്ക് വരുന്നതായി സൂചന. ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്ന് പ്രിയങ്ക ജനവിധി തേടും. സോണിയ ഗാന്ധി മത്സരിച്ചുവരുന്ന മണ്ഡലമാണ് റായ്ബറേലി. സോണിയ ഗാന്ധി മത്സരരംഗത്തുനിന്ന് ഇത്തവണ മാറിനിൽക്കും. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാൻ സോണിയ ഗാന്ധിയുടെ കൈകളിലായിരിക്കും. അമേത്തിയിൽ രാഹുൽ ഗാന്ധി പതിവുപോലെ ജനവിധി തേടും.
ഏറ്റവും കൂടുതൽ ലോക്സഭ എംപിമാരെ സൃഷ്ടിക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 ലോക്സഭാ സീറ്റാണ് ഇവിടെയുള്ളത്. 71 സീറ്റിൽ ബിജെപിയാണ് 2014ൽ വിജയിച്ചത്. അഞ്ചു സീറ്റിൽ സമാജ് വാദി പാർട്ടിയും രണ്ടു സീറ്റിൽ കോൺഗ്രസും രണ്ടു സീറ്റിൽ അപ്നാ ദളുമാണ് വിജയിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കേ അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാർട്ടിയും മായാവതി നയിക്കുന്ന ബിഎസ്പിയും കോൺഗ്രസിനെ ഒഴിവാക്കി ഉത്തർപ്രദേശിൽ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ഇത് രാഹുൽഗാന്ധിയെ ചൊടിപ്പിച്ചിരുന്നു.
ദേശീയതലത്തിൽ ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റി നിർത്താൻ കോൺഗ്രസ് വിശാല പ്രതിപക്ഷ ഐക്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്പോഴാണ് കോൺഗ്രസിനെ കൂട്ടാതെയുള്ള സഖ്യം ഉത്തർ പ്രദേശിൽ വന്നിരിക്കുന്നത്. ആർഎൽഡിയും അഖിലേഷ് -മായാവതി സഖ്യത്തിൽ ചേർന്നിട്ടുണ്ട്.കോൺഗ്രസിനു വേണമെങ്കിൽ സഖ്യത്തിന്റെ ഭാഗ മാകാം. അവർ വന്നാൽ സിറ്റിംഗ് സീറ്റായ അമേത്തിയും റായ്ബറേലിയും മാത്രം അവർക്ക് നൽകാമെന്നും മറ്റൊരു സീറ്റും നൽകില്ലെന്നും അഖിലേഷും മായാവതിയും പറഞ്ഞിരുന്നു.
ഉത്തർപ്രദേശിൽ ഏത് പാർട്ടിയേയും ഞെട്ടിക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസിനെ വിലകുറച്ച് കാണുന്നത് വലിയ അബദ്ധമായിരിക്കും. യുപിയിൽ കോണ്‍ഗ്രസ് ശക്തമാണ്. മികച്ച പ്രകടനം നടത്തുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു. ഇത് അഖിലേഷിനും മായാവതിക്കും ഉള്ള മറുപടി കൂടിയായിരുന്നു. വേണ്ടി വന്നാൽ അമേത്തിയിലും റായ്ബറേലിയിലും വരെ സഖ്യം മത്സരിക്കുമെന്ന മറുപടിയാണ് രാഹുലിന്റെ പ്രസ്താവനയ്ക്ക് അഖിലേഷ് നൽകിയിരിക്കുന്നത്.
എന്തായാലും ഉത്തർപ്രദേശിൽ ഒറ്റയ്ക്കു മത്സരിക്കാനുള്ള നീക്കവുമായി കോൺഗ്രസ് മുന്നോട്ടു പോകുകയാണ്. മത്സരത്തിനായി തയാറെടുക്കാൻ രാഹുൽഗാന്ധി സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് നിർദേശം നൽകിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി മത്സരരംഗത്തേക്ക് വരുന്നത് ഉത്തർപ്രദേശിൽ മാത്രമല്ല, രാജ്യമെങ്ങും കോൺഗ്രസ് അനുകൂല തരംഗത്തിന് വഴിയൊരുക്കുമെന്നാണ് കോ ൺഗ്രസ് ദേശീയ നേതൃത്വം കരുതുന്നത്.
അതേസമയം, റായ്ബറേലി മണ്ഡലത്തിൽ പ്രിയങ്കഗാന്ധിക്കെതിരേ വ്യാപകമായ പോസ്റ്റർ പ്രചരണം നടക്കുന്നുണ്ട്. പ്രിയങ്കയുടെ വരവിൽ വിറളി പൂണ്ടവരാണ് പോസ്റ്ററിനു പിന്നിലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.