നിയാസ് മുസ്തഫ
തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചാൽ പ്രിയങ്ക ഗാന്ധി ഗംഗാനദിയിലൂടെ 110കിലോമീറ്റർ സഞ്ചരിക്കും. ഗംഗാതീരത്ത് താമസിക്കുന്ന ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ അടുത്തറിയാനും കോണ്ഗ്രസിനു വേണ്ടി വോട്ടുതേടിയുമാണ് പ്രിയങ്ക ജലയാത്രയ്ക്ക് ഒരുങ്ങുന്നത്. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തിനായി സമീപിച്ചിരിക്കുകയാണ് പ്രിയങ്ക ഇപ്പോൾ.
ഗംഗാ ശുചീകരണം ബിജെപി തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമാക്കിയ സാഹചര്യത്തിലാണ് പ്രിയങ്ക മൂന്നു ദിവസത്തെ ഗംഗായാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പ്രിയങ്ക എത്തുന്നുണ്ട്. പ്രയാഗ്രാജിൽനിന്ന് വാരാണസിയിലേക്കാണ് പ്രിയങ്കയുടെ ജലയാത്ര. മാർച്ച് 18ന് പ്രയാഗ്രാജിൽ നിന്ന് ആരംഭിച്ച് 20ന് വാരാണസിയിൽ അവസാനിക്കുന്ന രീതിയിലാണ് ജലയാത്ര നടത്തുക. മാർച്ച് 21നാണ് ഹോളി.
ജലയാത്രയോടൊപ്പം ഗംഗാതീരത്തെ പ്രമു ഖ ക്ഷേത്രങ്ങളിലും പ്രിയങ്ക സന്ദർശനത്തിനെത്തും. ഗംഗാതീരത്ത് സിർസ, സീതാമണി, മിർസാപൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ പൊതുയോഗങ്ങളിലും സംബന്ധിക്കും. ഇതോടൊപ്പം വിവിധ പാർട്ടി പ്രവർത്തകരെയും പൊതുപ്രവർത്തകരെയും സന്ദർശിക്കും.പ്രിയങ്കയുടെ ഒൗദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജലയാത്രയോടെ തുടക്കം കു റിക്കുമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് രാജേഷ് മിശ്ര പറഞ്ഞു.
അതേസമയം പ്രിയങ്കയുടെ യാത്രയെ ബിജെപി പരിഹസിച്ച് രംഗത്തുവന്നിട്ടുണ്ട്. ജലയാത്ര യ്ക്കായി ഹോളി അവധിക്കാലം പ്രിയങ്ക തെര ഞ്ഞെടുത്തിരിക്കുന്നു. ബിജെപി സർക്കാർ ഗംഗാനദി ശുചീകരിച്ച് പുനരുജ്ജീവിപ്പിച്ചതു കൊണ്ടാണ് പ്രിയങ്കയ്ക്ക് ഗംഗാനദിയിലൂടെ യാത്ര നടത്താനാകുന്നതെന്നും ബിജെപി വ ക്താവ് രാകേഷ് ത്രിപാഡി പറഞ്ഞു. എന്നാൽ പ്രിയങ്കയുടെ യാത്ര വരുന്നുവെന്ന് അറിഞ്ഞ പ്പോൾ മുതൽ ബിജെപിക്ക് ഭയപ്പാടാണെന്ന് കോൺഗ്രസും പ്രതികരിച്ചു.
അതേസമയം, വാരാണസിയിൽ പ്രധാനമന്ത്രിക്കെതിരേ മത്സരിക്കുമെന്ന് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കിയത് യുപി രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവാ കും. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ആസാദിന്റെ പ്രതികരണം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് അറസ്റ്റിലായ ചന്ദ്രശേഖർ നിലവിൽ ചികിത്സയിലാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ എല്ലാ വഴിയും തേടാനാണ് ഭീം ആർമി തലവൻ ചന്ദ്ര ശേഖർ ആസാദിന്റെ തീരുമാനം. കോണ്ഗ്രസ് ഭീം ആർമിയുമായി അടുക്കാൻ ശ്രമിക്കുന്നു എന്നാണ് വിവരം. ഇതുവഴി ദളിത് വിഭാഗത്തെ അടുപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യം. 30 ശതമാനം ദളിത് വിഭാഗക്കാരുള്ള യുപിയിൽ പല പ്രദേശങ്ങളിലും ഭീം ആർമിക്ക് ശക്തമായ സ്വാധീനമുണ്ട്.
വാരാണസിയിൽ ചന്ദ്രശേഖർ ആസാദ് മത്സരിച്ചാൽ കോൺഗ്രസ് പിന്തുണയ്ക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു പിന്നാലെ ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ സഹാറൻപൂരിലെ ദയൂബന്ദിൽ വാഹനറാലി നടത്തിയിരുന്നു. ഇത് പോലീസ് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി.
ആസാദ് ഉൾപ്പെടെയുള്ള ഭീം ആർമി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കലാപുമുണ്ടാക്കാൻ ശ്രമിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസുമെടുത്തു. പോലീസ് കസ്റ്റഡിയിൽ ആസാദിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. തുടർന്ന് മീററ്റിലെ ആശുപത്രിയിൽ ആസാദിനെ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെത്തിയാണ് പ്രിയങ്ക ഗാന്ധി ആസാദിനെ സന്ദർശിച്ചത്. ഇത് വലിയ രാഷ്ട്രീയ ചർച്ചയാകുകയും ചെയ്തിരുന്നു. പ്രിയങ്ക യുടെ അപ്രതീക്ഷിത സന്ദർശനം ബിജെപിയേ യും പ്രതിപക്ഷത്തേയും ഞെട്ടിച്ചിരുന്നു.